ലണ്ടൻ: എഡിൻബറോ ഫെസ്റ്റിവലിന്റെ കലാശക്കൊട്ടിന് തീ കൊളുത്തി ലോക പ്രസിദ്ധ സംവിധാകൻ കെൻ ലോച്ച്. 'ഗാസയിൽ ഇസ്രായേൽ കുട്ടികളെയും, സ്ത്രീകളെയും, ഡോക്ടർമാരെയും, ജേർണലിസ്റ്റുകളെയും കൊന്നൊടുക്കുന്നു. അപ്പോൾ നിങ്ങളുടെ ഗവൺമെന്റ് ഇതിനെ അപലപിക്കുന്നുണ്ടോ? ഈ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത അതി ഭീകരമായ കൂട്ടക്കൊല കാണുമ്പോൾ, മനുഷ്യാവകാശ ധ്വംസനം കാണുമ്പോൾ പ്രതികരിക്കണം എന്ന് നമ്മൾ പറയുകയാണ്. ഈ മനുഷ്യാവകാശ ധ്വംസനം ഉടൻ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയാണ്. അതാണിന്നത്തെ ആവശ്യം എന്ന് നമ്മൾ മനസ്സിലാക്കുന്നു'- സംവിധായകൻ കെൻ ലോച് ഇത്രയും പറഞ്ഞപ്പോൾ നീണ്ട കരഘോഷവുമായാണ് ആ വാക്കുകളെ എതിരേറ്റത്.
ഗാസയിൽ ഇസ്രായേൽ വരുത്തുന്ന കൂട്ടക്കുരുതി ഉടൻ തന്നെ നിർത്തണം എന്ന ആവശ്യം തന്റെ സ്റ്റേജ് ഇന്റർവ്യൂവിൽ കെൻ ലോച്ച് തുടരെ ഉയർത്തിക്കൊണ്ടിരുന്നു. ഓരോ തവണയും ഈ ആവശ്യത്തിനുള്ള ഓഡിയൻസ് പിന്തുണ ഏറിക്കൊണ്ടിരുന്നു. തന്റെ 14 ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പോൾ ലാവേർട്ടിയും 16 ചിത്രങ്ങൾക്ക് നിർമ്മാണച്ചുമതല നിർവഹിച്ച റബേക്ക ഒബ്രയാനും ചർച്ചയിൽ കെൻ ലോച്ചിനൊപ്പം ഉണ്ടായിരുന്നു. അവസാനം ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് എഴുന്നേറ്റു നിന്നുള്ള കരഘോഷം മിനിറ്റുകൾ നീണ്ടു നിന്നു, കെൻ ലോച്ച് സ്റ്റേജിൽ നിന്നും പിരിയുന്നത് വരെ തുടർന്നു. ലോക പ്രസിദ്ധമായ എഡിൻബറോ ഫെസ്റ്റിവൽ പരിപൂർണമായും ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കെതിരെ തിരിച്ചു വിടാൻ കഴിഞ്ഞു എന്നതാണ് ലോക സിനിമയിലെ ആചാര്യനായ കെൻ ലോച്ചിന്റെയും, പോൾ ലവേർട്ടിയുടെയും റബേക്ക ഒബ്രയന്റെയും നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |