തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ഹൈക്കമാൻഡിന് പരാതി നൽകിയവരിൽ കേരളത്തിലെ ഒരു മുൻ കോൺഗ്രസ് എംപിയുടെ മകളും ഉണ്ടെന്ന് റിപ്പോർട്ട്. വിവാഹ വാഗ്‌ദാനം നൽകിയെങ്കിലും ജാതിയുടെ കാരണം പറഞ്ഞ് പിന്മാറുകയായിരുന്നു. പിന്നാക്ക വിഭാഗമായതിനാൽ വീട്ടുകാർ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നുവെന്നാണ് റിപ്പോർട്ട്. ഈ യുവതിയുടേതടക്കം ഒൻപതുപരാതികളാണ് പാർട്ടി നേതൃത്വത്തിന് ലഭിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ലഭിച്ച പരാതികൾക്ക് വ്യക്തമായ തെളിവുകളും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാന നേതാക്കളുമായി ആലോചിക്കുകയും പൊടുന്നനെ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. തുടർന്ന് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവരുമെന്ന് പാർട്ടി നേതൃത്വം രാഹുലിനെ അറിയിക്കുകയും ചെയ്തു. സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ രാജി ചോദിച്ചുവാങ്ങാനായിരുന്നു തീരുമാനം. എന്നാൽ വോട്ടുവിഷയത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന ലോംഗ് മാർച്ചിൽ സ്ഥാനമൊഴിയാം എന്നായിരുന്നു രാഹുൽ നേതൃത്വത്തെ അറിയിച്ചത്. പക്ഷേ, കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നതോടെ ഇനി സമയം നൽകാനാവില്ലെന്ന കടുത്ത നിലപാടിലെത്തിയ ഹൈക്കമാൻഡ് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഒരുകാലത്ത് താങ്ങും തണലുമായിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള നേതാക്കൾ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ രാജിവയ്ക്കാതെ രാഹുലിന് മുന്നിൽ മറ്റുവഴികളില്ലാതാക്കി.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കാതിരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് കരുതുന്ന നേതാക്കളും നിരവധിയാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ആ പ്രതിസന്ധി കോൺഗ്രസ് എങ്ങനെ തരണംചെയ്യുമെന്ന് കാത്തിരുന്നു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |