തിരുവനന്തപുരം: കോൺഗ്രസിൽ അവഗണിക്കാനാവാത്ത സ്വാധീനമുറപ്പിച്ച് മുന്നേറുമ്പോൾ പടനായകരിലൊൾക്ക് സംഭവിച്ച തിരിച്ചടി പാർടിയിലെ യുവ ഗ്രൂപ്പിനെ ആകെ ഉലച്ചു . രാഷ്ട്രീയത്തിലെ ധാർമ്മികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിൻകരുത്തായി മാറുമെന്ന് മുതിർന്ന നേതാക്കൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്ത നേതാവാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങി പാർടി പദവിയൊഴിഞ്ഞത്.
നിർണായകമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിലാണ് യുവ ഗ്രൂപ്പ് എന്നു പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഭാവിനേതാക്കളുടെ കൂട്ടായ്മ ഉദയം ചെയ്തത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെപേരിൽ ഡോ. പി. സരിൻ പിണങ്ങിപ്പിരിയുകയും എതിർ സ്ഥാനാർത്ഥിയാവുകയും ചെയ്തതോടെ പാലക്കാട്ടെ വിജയം കോൺഗ്രസിന് അഭിമാനപ്രശ്നമായിരുന്നു. അതുനേടുകയും ചെയ്തു. പിന്നാലെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനെതിരായ യുദ്ധത്തിൽ മുന്നണി പോരാളികളായി ഈ യുവനിര.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻവർക്കി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് , തുടങ്ങിയവരാണ് പാലക്കാട്ട് മണ്ഡലം നിറഞ്ഞ് പ്രവർത്തിച്ചത്. പി.സി.വിഷ്ണുനാഥ്, അൻവർസാദത്ത് , ജ്യോതികുമാർചാമക്കാല തുടങ്ങിയ നേതാക്കൾ ഇവരെ നയിക്കാൻ മുന്നിൽ നിന്നു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്കുശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏറ്റവും പ്രശംസ ചൊരിഞ്ഞതും ഈ യുവകേസരികൾക്കാണ്. എല്ലാവരും ഒറ്റക്കെട്ടായി,ഒരു മനസോടെ പ്രവർത്തിച്ചെന്നും ഇത് ഭാവിയിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കുമെന്നുമുള്ള ഉത്തമ വിശ്വാസം പ്രതിപക്ഷ നേതാവിന് പിന്നാലെ മറ്റു മുതിർന്ന നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ആ പ്രതീക്ഷകൾ പടർന്നു പന്തലിക്കുന്നതിനിടെയാണ് ഓർക്കാപ്പുറത്തുള്ള അടി.ഇവരെ ബ്രില്യന്റെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവിനുതന്നെ ഒടുവിൽ തള്ളിപ്പറയേണ്ടിയും വന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നീലപ്പെട്ടി വിവാദമടക്കം വന്നെങ്കിലും കൂട്ടായ്മയുടെ കരുത്തിൽ അതെല്ലാം മറികടന്നു. അതിന് മുമ്പുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ തിളക്കമുള്ള വിജയമാണ് രാഹുൽ കൈവരിച്ചത്. കെ.പി.സി.സിയുടെ സോഷ്യൽമീഡിയ വിഭാഗത്തിന് ചുക്കാൻ പിടിക്കുകയും തെറ്റിപ്പിരിഞ്ഞ് സി.പി.എം ക്യാമ്പിലെത്തുകയും ചെയ്ത ഡോ.പി.സരിനായിരുന്നു എതിരാളി. എന്നിട്ടും 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്. 2021 -ൽ 3857 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫിപറമ്പിൽ ജയിച്ച മണ്ഡലത്തിലായിരുന്നു രാഹുലിന്റെ മിന്നുന്ന തേരോട്ടം. അതിന്റെ തിളക്കമാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.ഷാഫി-രാഹുൽ സഖ്യം കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അതൃപ്തിക്കു പാത്രമായിരുന്നു.എന്നാൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ ഇവർക്കു കഴിഞ്ഞു.ഷാഫി കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചപ്പോഴായിരുന്നു സംഘത്തിന്റെ ഉദയം.
നിയമപരമായി നേരിടും: രാഹുൽ
പത്തനംതിട്ട: ഇന്നത്തെ കാലത്ത് വ്യാജ ഓഡിയോ നിർമ്മിക്കാൻ ആർക്കും കഴിയുമെന്ന് ഗർഭഛിദ്രം നടത്താൻ യുവതിയെ പ്രേരിപ്പിച്ചെന്ന ആക്ഷേപത്തെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ പരാതി കൊടുത്താൽ നിയമപരമായി നേരിടും. യുവനടി റെനി ജോർജ് എന്റെ സുഹൃത്താണ്. അവർ എനിക്കെതിരെയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. എഴുത്തുകാരി ഹണിഭാസ്കർ വാട്സാപ്പ് ചാറ്റിലൂടെ ബന്ധപ്പെടാറുണ്ടെന്ന് അവരുടെ സുഹൃത്തുക്കളോട് താൻ പറഞ്ഞെന്ന വെളിപ്പെടുത്തലും രാഹുൽ നിഷേധിച്ചു. ആക്ഷേപമുണ്ടെങ്കിൽ തെളിയിക്കാൻ ഹണി തയ്യാറാകണം. സൈബറിടത്തിൽ ഒരുപാട് അധിക്ഷേപങ്ങൾ കേൾക്കുന്നയാളാണ് താൻ. പരാതി നൽകാൻ പോയാൽ ഒരു പൊലീസ് സ്റ്റേഷൻ തന്നെ വേണ്ടിവരും.
പൊതുപരിപാടിയിൽ നിന്ന് രാഹുലിനെ മാറ്റി
പാലക്കാട്: ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ മാറ്റിനിർത്തി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസ് കത്ത് നൽകി.നഗരസഭയുടെ ഇന്നലത്തെ പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോൺഗ്രസ്
ലോംഗ് മാർച്ച് മാറ്റി
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് ഇന്ന് തൃശൂരിൽ നടത്താനിരുന്ന ലോംഗ് മാർച്ച് മാറ്റിവച്ചു. വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയായിരുന്നു മാർച്ച്. പറവട്ടാനി മുതൽ തൃശൂർ വരെ രാഹുൽ മാങ്കൂട്ടത്തിൽ മാർച്ച് നയിക്കുമെന്നാണ് അറിയിച്ചിരുന്നത്. 26ലേക്ക് മാർച്ച് മാറ്റിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |