വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ നിരന്തര അപകട മേഖലയും കുപ്പിക്കഴുത്തുമായ അകമല ധർമ്മശാസ്താ ക്ഷേത്ര പരിസരത്തെ പാലം വീതി കൂട്ടി പുനർനിർമ്മിക്കാൻ പദ്ധതി. നിലവിലെ പാലം 1958ൽ നിർമ്മിച്ചിട്ടുള്ളതും 2018 ലെ പ്രളയബാധിത പാലങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്. സംസ്ഥാനപാത ഒട്ടേറെ തവണ നവീകരിച്ചെങ്കിലും പാലം വീതി കൂട്ടി നിർമ്മിക്കാൻ നടപടിയുണ്ടായിരുന്നില്ല. പുതിയ പാലം നിർമ്മിക്കുന്ന പദ്ധതിക്ക് രണ്ട് കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പാലത്തിനോട് ചേർന്ന് റെയിൽവെ ട്രാക്ക് ഉള്ളതിനാൽ റെയിൽവെയുടെ ഭൂമിയും കൂടി ഉപയോഗപ്പെടുത്തി വേണം സർവീസ് റോഡ് നിർമ്മിക്കേണ്ടത്. എൻ.ഒ.സി ലഭിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ്, റെയിൽവേ, റവന്യൂ ഉദ്യോഗസ്ഥന്മാർ പങ്കെടുത്തുകൊണ്ടുള്ള സംയുക്ത പരിശോധന നടന്നു. പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കെ.രാധാകൃഷ്ണൻ എം.പിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു.ആർ.പ്രദീപ്, തലപ്പിള്ളി തഹസിൽദാർ രാജേഷ് മാരാത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നടപ്പാതയോടെ പുതിയ പാലം
സംസ്ഥാനപാതയോട് സമാനമായി വീതി കൂട്ടി നടപ്പാതയോടെയാണ് പുതിയ മേൽപ്പാലം വരിക. പുതിയ പാലത്തിന് 11.75 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ആർ.സി.സി ഡെക്ക് സ്ലാബ് ആൻഡ് ഓപ്പൺ ഫൗണ്ടേഷൻ രീതിയിലാണ് ഡിസൈൻ. ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയോടുകൂടിയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
നിർമ്മാണം നടക്കുമ്പോൾ ഗതാഗതം വഴിതിരിച്ചു വിടുന്നതിന് പൊതുമരാമത്ത് പാലങ്ങൾ, നിരത്ത്, ഡിസൈൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പൊലീസ്, ഗതാഗത, കെ.എസ്.ഇ. ബി, ജല അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കും. തുടർന്ന് നിർമ്മാണം ആരംഭിക്കും.
-കെ.രാധാകൃഷ്ണൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |