തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയതിനുപിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പരാതി നൽകി എഴുത്തുകാരി ഹണി ഭാസ്‌കരൻ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും ഈമെയിൽ വഴിയാണ് ഹണി ഭാസ്‌കരൻ പരാതി നൽകിയത്.
ഡിവൈഎഫ്‌ഐ നേതാക്കൾക്കും ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ഹണി ഭാസ്‌കരന്റെ ചിത്രങ്ങള്‍ മോശം തലക്കെട്ടുകളോടെ കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ച് ഷാഫി പറമ്പിൽ എംപിക്ക് അറിയാമെന്നും എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി ഭാസ്‌കരൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കരനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
രാഹുലിനെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ധെെര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ, നേരിടാൻ ഞാൻ തയ്യാറാണ്. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |