കൊച്ചി: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്‌കൂളിനെതിരെ ആരോപണവുമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കുടുംബം. കുട്ടിക്കെതിരെ പ്രതികാര നടപടിയെടുത്തുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സ്‌കൂളിൽ എത്താൻ വൈകിയെന്ന് ആരോപിച്ച് വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷം ഇരുട്ട് മുറിയിൽ ഒറ്റയ്‌ക്ക് ഇരുത്തിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്‌തു.
കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂൾ അധികൃതരുമായി തർക്കമുണ്ടായി. പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ, കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണ് എന്നാണ് ന്യായീകരണം.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ മാനേജ്‌മെന്റിനോ അദ്ധ്യാപകനോ അവകാശമില്ല. ഉപദേശിക്കാം, അല്ലാതെ മാനസിക നിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ട് മുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |