തിരുവനന്തപുരം: ലൈംഗികാരോപണ ചെളിക്കുണ്ടിൽ വീണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം തത്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ ധാരണ.
രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ധാർമികതയുടെ പരിവേഷം നൽകിയെങ്കിലും, എം.എൽ.എ പദവി ഉപേക്ഷിച്ചാൽ രാഷ്ട്രീയമായി അത് ക്ഷീണമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നു.
ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി രംഗത്തു വന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ എതിർത്തും അനുകൂലിച്ചുമുള്ളവരുടെ തമ്മിലടി രൂക്ഷമായതോടെ, വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ
ഒൺലിയാക്കി. പാലക്കാട്ട് പൊതു പരിപാടികളിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കി. രാഹുലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ പടയൊരുക്കം തുടങ്ങി.നേരത്തെ നിലനിന്നിരുന്ന ഗ്രൂപ്പ് വൈരങ്ങളും വ്യക്തിപരമായ അസ്വാരസ്യങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും ഈ പോരിൽ പ്രതിഫലിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനെ ചൊല്ലിയുള്ള വടംവലിയും കൊഴുക്കുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് അന്തരീക്ഷം തെളിയുകയും യു.ഡി.എഫിന് സാദ്ധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ കോൺഗ്രസ് ഹൈക്കമാൻഡും അമർഷത്തിലാണ്.
രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാജി വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. സി.പി.എം എം.എൽ.എ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവമാണ് പ്രതിരോധത്തിന് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ സമാന ആരോപണം വന്നപ്പോൾ മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ പദവിയിൽ തുടർന്നു.
രാഹുലുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ അറിഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പി യും ശ്രമിച്ചില്ലെന്ന ആരോപഡണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും, തനിക്ക് പരാതി ലഭിച്ചിരുന്നില്ലെന്നുമാണ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ,ഷാഫി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല
സ്ത്രീകളെ അപമാനിക്കുന്ന
പരാമർശം പിൻവലിച്ച്
വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന പരാമർശം പിൻവലിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി. അർദ്ധ വസ്ത്ര പരാമർശത്തിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് ശ്രീകണ്ഠൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനോ, സംരക്ഷിക്കാനോ താൻ ശ്രമിച്ചിട്ടില്ല. രാഹുലിനെതിരെ ആരോപണം ഉയർന്നു വന്നപ്പോൾതന്നെ പാർട്ടി നടപടിയെടുത്തുവെന്നാണ് പറഞ്ഞത്.
രാഹുലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ പരാതിക്കാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് താൻ പറഞ്ഞതെന്നും വ്യക്തമാക്കി. രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകൾ അർദ്ധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നില്ലേ, വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ടീയ പശ്ചാത്തലം പരിശോധിക്കണം എന്ന പരാമർശമാണ് വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |