വടകര: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് പിന്നാലെ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. എഫ്‌ഐആറോ, നിയമപരമായ പരാതിയോ ഒന്നും ലഭിക്കാതെ ആരോപണം ഉയർന്നയുടൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചെന്നും ഷാഫി പറഞ്ഞു. രാഹുൽ രാജിസന്നദ്ധത സ്വയം പാർട്ടിയെ അറിയിക്കുകയായിരുന്നെന്നും എന്നിട്ടും കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണെന്നും അദ്ദേഹം വടകരയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രാഹുൽ രാജിവച്ചത് പോലെ ഏതെങ്കിലും സിപിഎം നേതാക്കളാണ് രാജിവച്ചതെങ്കിൽ മാദ്ധ്യമങ്ങൾ ധാർമികതയുടെ ക്ലാസെടുക്കുമായിരുന്നു. ഒരു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇങ്ങനെ ഒരു ആരോപണം ഉയർന്നപ്പോൾ രാജിസന്നദ്ധത സ്വമേധയ പാർട്ടിയെ അറിയിച്ചു. നേതൃത്വം മറ്റ് പാർട്ടികൾ പിന്തുടരുന്ന അതേ ശൈലി തുടരാതെ ആ തീരുമാനത്തെ ശരിവയ്ക്കുകയും ഉത്തരവാദിത്തപ്പെട്ട പദവിയിൽ നിന്ന് ഒഴിയുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി അംഗീകരിച്ചു. പദവി ഒഴിഞ്ഞിട്ടും കോൺഗ്രസ് എന്തു ചെയ്തു എന്ന കുറ്റപ്പെടുത്തലുകൾ കേരളത്തിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഗോവിന്ദൻ മാഷ് അടക്കമുള്ള നേതാക്കൾ കോൺഗ്രസിനെ ധാർമ്മികത പഠിപ്പിക്കുകയാണ്.
വിഷയത്തിന്റെ ധാർമ്മികതയാണെങ്കിൽ ആ രാജി പ്രധാനപ്പെട്ട ചുവട് തന്നെയാണ്. കോൺഗ്രസിനെ നിർവീര്യമാക്കാം, പ്രവർത്തകരെ നിശബ്ദമാക്കാം സർക്കാരിന്റെ ചെയ്തികളെ ഇതിന്റെ മുമ്പിൽ മറച്ചുപിടിക്കാം എന്ന് കരുതിയാവാം ഇപ്പോൾ ഇവിടെ നടക്കുന്ന പ്രതിഷേധങ്ങൾ. കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. ഈ സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ആരും പുറകോട്ട് പോകില്ല. സർക്കാരിന്റെ പരാജയങ്ങളെ തുടർന്നുകാണിക്കാനുള്ള സമീപനം തുടർന്നുകൊണ്ടേയിരിക്കും.
ഒരു എംഎൽഎയുടെ പേരിൽ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിട്ടും ആ സ്ഥാനത്ത് തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചവർ എങ്ങനെയാണ് കോൺഗ്രസിന്റെ ഒരു എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നത്. പോക്‌സോ കേസിലെ പ്രതിയെ പാർലമെന്റ് ബോർഡംഗമാക്കി മാറ്റിയ പാർട്ടിയാണ് ബിജെപി. ആ ബിജെപി എങ്ങനെയാണ് ഇവിടെ ഒരു എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നത്. ഇപ്പോൾ മന്ത്രിസഭയിൽ തുടരുന്ന ഒരു മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എന്തെല്ലാമായിരുന്നു. ഇപ്പോഴും അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുകയല്ലേ?'- ഷാഫി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |