തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും എസ്.എഫ്.ഐ നേതാവുമായ ആഷിഖ് ഇബ്രാഹിം കുട്ടിക്ക് എം.ടെക് പരീക്ഷ പാസാകാതെ ചട്ടവിരുദ്ധമായി പിഎച്ച്.ഡി പ്രവേശനം നൽകിയതായി പരാതി. എം.ടെക് പ്രൊഡക്ഷൻ എൻജിനിയറിംഗ് ഒന്നാം സെമസ്റ്റർ പരീക്ഷ പാസാകാതെയാണ് തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ എസ്.എഫ്.ഐ നേതാവിന് പിഎച്ച്.ഡി പ്രവേശനം നൽകിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി സാങ്കേതിക സർവകലാശാല വി.സിക്ക് നൽകിയ പരാതിയിലുള്ളത്.
ഒന്നാം സെമസ്റ്റർ പരീക്ഷ പാസായില്ലെന്ന വിവരം മറച്ചുവച്ച് സർവ്വകലാശാലയിൽ നിന്ന് പ്രത്യേക അനുമതി നേടിയെടുക്കുകയായിരുന്നു. എല്ലാ സെമസ്റ്ററും പാസ്സായവർക്കെ
പിഎച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനാവൂ. അവസാന സെമസ്റ്റർ പരീക്ഷാഫലം 2024ജൂലായിൽ പ്രസിദ്ധീകരിച്ചിരുന്നു. 2024 ആഗസ്റ്റിലായിരുന്നു പ്രവേശനപരീക്ഷ. എന്നാൽ ആഷിഖ് പ്രവേശനപരീക്ഷ എഴുതിക്കഴിഞ്ഞ ശേഷവും ഒന്നാം സെമസ്റ്ററിൽ മതിയായ ഹാജരില്ലാത്തതിനാൽ കോളേജിൽ പഠനം തുടരുകയായിരുന്നു.
പിഎച്ച്ഡിക്ക് പ്രവേശനം നേടിയ ശേഷം സർവകലാശാലയുടെ ഡോക്ടറൽ കമ്മിറ്റി കൂടുന്നതിനു മുമ്പ് മുഴുവൻ മാർക്കലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് എൻട്രൻസ് സമയത്തും പ്രവേശനം നേടിയപ്പോഴും എംടെക് പാസായില്ലെന്ന് കണ്ടെത്തിയത്. എതിർപ്പുന്നയിച്ച റിസർച്ച് ഡീനിന്റെ ഡെപ്യൂട്ടേഷൻ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ആഷിഖ് നാലാം സെമസ്റ്റർ പാസായെങ്കിലും പിഎച്ച്.ഡി പ്രവേശന സമയത്ത് ഒന്നാമത്തെ സെമസ്റ്റർ പാസായിട്ടില്ലെന്നും, ചട്ട വിരുദ്ധമായാണ് പ്രവേശന പരീക്ഷ എഴുതിയതെന്നുമുള്ള രേഖകൾ ഡീൻ വൈസ്ചാൻസലർ ഡോ.കെ. ശിവപ്രസാദിന് കൈമാറി. അതിനിടെ ഡീനിന്റെ ഐ.എച്ച്.ആർ.ഡിയിൽ നിന്നുള്ള ഡെപ്യൂട്ടേഷനും അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |