തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ രാജിവയ്ക്കണമെന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുകയാണെന്നും പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
'ഇന്നല്ലെങ്കിൽ നാളെ രാജിവയ്‌ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ല. ഷാഫി പറമ്പിൽ, വിഡി സതീശൻ എന്നിവർക്കും ഇതിൽ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്തുവന്നത്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാം. ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്നാണ് കേൾക്കുന്നത്'- ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ അവസാന നിമിഷം അതിൽ നിന്ന് പിന്മാറി. കൂടുതൽ വിശദീകരണത്തിനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്നാണ് അറിയുന്നത്.
ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിക്കുന്നതും അശ്ലീലം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിപ്പുവന്നത്. എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിക്കാനാണ് വാർത്താ സമ്മേളനം എന്ന പ്രചാരണവുമുണ്ടായി. എന്നാൽ, മാദ്ധ്യമപ്രവർത്തകർ വീടിനുമുന്നിൽ എത്തി അല്പം കഴിഞ്ഞതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |