ഒരു മാസത്തിൽ പിൻവലിച്ചത് 16,000 കോടി രൂപ
കൊച്ചി: ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ ചൈനയിലെ ഓഹരി വിപണിയിൽ സജീവമാകുന്നു. ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ തളർച്ചയെ കുറിച്ചുള്ള ആശങ്കകളുമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഊർജം പകരുന്നത്. ഇന്ത്യയിൽ വിൽപ്പന നടത്തി ചൈനയിൽ നിക്ഷേപിക്കുകയെന്ന സമീപനമാണ് ആഗോള നിക്ഷേപ ഫണ്ടുകളും അതിസമ്പന്നരും സ്വീകരിക്കുന്നത്. ഇന്ത്യൻ ഓഹരികളുടെ ഉയർന്ന വിലയാണ് വിദേശ നിക്ഷേപകർക്ക് വെല്ലുവിളി.
എട്ടു മാസത്തിനിടെയിൽ ഇന്ത്യ കേന്ദ്രീകൃതമായ മ്യൂച്വൽ ഫണ്ടുകൾ മുൻപൊരിക്കലുമില്ലാത്ത തരത്തിലാണ് പണം പിൻവലിച്ചതെന്ന് വിവിധ എക്‌സ്ചേഞ്ചുകളിലെ കണക്കുകൾ വൃക്തമാക്കുന്നു. ചൈനയിലേക്കും ഹോങ്കോംഗിലേക്കുമാണ് ആഗോള ഫണ്ടുകൾ പണമൊഴുക്കിയത്. ഒരു മാസത്തിനിടെ 180 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിറ്റഴിച്ചത്. ചൈനയിലെ ഓഹരി വിപണിയിൽ 300 കോടി ഡോളറും ഹോങ്കാേംഗിൽ 450 കോടി ഡോളറുമാണ് വിദേശ ഫണ്ടുകൾ മുടക്കിയത്.
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റതിന് ശേഷമാണ് ആഗോള നിക്ഷേപകർ വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചത്. ഇക്കാലയളവിൽ 380 കോടി ഡോളർ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് ഒഴുകിയപ്പോൾ ചൈനയ്ക്ക് 540 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചു. കഴിഞ്ഞ വർഷം ആഗോള ഫണ്ടുകൾ വലിയ തോതിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുടക്കിയിരുന്നു.
ആഭ്യന്തര നിക്ഷേപകർ കരുത്താകുന്നു
ആഭ്യന്തര നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നതിനാൽ വിദേശ ഫണ്ടുകളുടെ പിന്മാറ്റം രാജ്യത്തെ ഓഹരി വിപണിയെ കാര്യമായ ബാധിക്കുന്നില്ല. ചെറുകിട നിക്ഷേപകർ മികച്ച ആവേശത്തോടെയാണ് ഓഹരികൾ വാങ്ങുന്നത്. പ്രതിമാസം ശരാശരി 25,000 കോടി രൂപ വീതമാണ് ചെറുകിട നിക്ഷേപകർ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) വിപണിയിലെത്തിച്ചത്. ഇതോടൊപ്പം മ്യൂച്വൽ ഫണ്ടുകളിലേക്കും ആഭ്യന്തര നിക്ഷേപകർ വൻ തോതിൽ പണമൊഴുക്കുന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനം കൊവിഡ് വ്യാപനത്തിന് ശേഷം തുടർച്ചയായി കുറയുകയാണെന്ന് പ്രമുഖ സ്‌റ്റോക്ക് ബ്രോക്കർമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |