കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ വെള്ളാർ ജംഗ്ഷനിൽ അപകടങ്ങൾ വർദ്ധിക്കുന്നു.രണ്ടാഴ്ചയ്ക്കിടയിൽ 3 അപകടങ്ങളാണ് ഇവിടെ നടന്നത്.പ്രദേശത്ത് തെരുവ് വിളക്കില്ലാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
കോവളം - തിരുവല്ലം ബൈപാസിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുക, കോവളം ജംഗ്ഷൻ മുതൽ തിരുവല്ലം വരെ ബൈപാസിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക,അപകടമേഖല ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ബൈപാസ് അധികൃതരുമായി സംസാരിച്ച് വേണ്ട നടപടികളെടുക്കാമെന്ന് ഉറപ്പും നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന അപകടങ്ങളിൽ തിരുവല്ലം - കോവളം ബൈപാസിൽ 20 ഓളം പേർ മരിക്കുകയും 50 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അപകടം നടന്നതിൽ തൊണ്ണൂറ് ശതമാനവും വെള്ളാർ ജംഗ്ഷനിലാണ്.സമുദ്രാ റോഡ് വന്ന് സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷനും കൂടിയാണ് വെള്ളാർ. ജംഗ്ഷനിൽ അടിയന്തരമായി തെരുവ് വിളക്കുകൾ കത്തിക്കാൻ ബൈപാസ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരളകൗമുദി വെള്ളാർ ഏജന്റ് ഉദയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |