തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പുകൾ ഭൂരിപക്ഷവും കാലപ്പഴക്കം ചെന്നത്. മിക്കവയ്ക്കും 40 വർഷം മുതൽ 90 വർഷം വരെ പഴക്കമുണ്ട്. ഇതുമൂലം പൈപ്പുപൊട്ടലും അറ്റകുറ്റപ്പണികളും കുടിവെള്ള മുടക്കവും പതിവാണ്. കാലാകാലങ്ങളിൽ പൈപ്പുകൾ മാറ്രിസ്ഥാപിക്കാൻ പദ്ധതികൾ തയാറാക്കുമെങ്കിലും ഫയലുകൾക്കപ്പുറം പദ്ധതി കാണാറില്ല.
അരുവിക്കരയിൽ നിന്ന് പേരൂർക്കട വഴി മൺവിളയിലേക്കും വെള്ളയമ്പലത്തേക്കും പി.ടി.പി നഗറിലേക്കുമുള്ള നാല് പ്രധാന പൈപ്പ്ലൈൻ വഴിയാണ് തലസ്ഥാന നഗരത്തിലേക്കുള്ള 400 എം.എൽ.ഡി വെള്ളമെത്തുന്നത്. വെള്ളത്തിന്റെ ആവശ്യം വർദ്ധിക്കുന്നതനുസരിച്ച് കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയ ലൈനുകൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടെങ്കിലും നടപടിയില്ല.
പൈപ്പ് മാറ്റൽ പാതിവഴിയിൽ
സെക്രട്ടേറിയറ്റ് അടക്കമുള്ളിടത്തേക്കുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള വെള്ളയമ്പലം ഒബ്സർവേറ്ററി ഹിൽ- ആയുർവേദ കോളേജ് പൈപ്പ് മാറ്റൽ പാതിവഴിയിലാണ്. 3.5 കിലോമീറ്റർ ദൂരത്തിൽ കാലപ്പഴക്കം ചെന്ന 350 എച്ച്.ഡി.പി.ഐ പൈപ്പുകൾ മാറ്റി 315 എം.എം ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഒബ്സർവേറ്ററി ടാങ്കിൽ നിന്ന് റിസർവ് ബാങ്ക് വരെയും വാൻറോസിൽ നിന്ന് ഊറ്റുകുഴി വരെയും മാത്രമാണ് പൈപ്പിട്ടത്. പൈപ്പിടുന്നതിനിടയിൽ കേബിളുകൾ പൊട്ടുകയും നിലവിലുള്ള പൈപ്പുകൾ തകരാറിലാവുകയും ചെയ്തതോടെ പണി പൂർത്തിയാക്കാതെ കരാറുകാരൻ പിന്മാറി. അതിനുശേഷം വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷന്റെ നേതൃത്വത്തിൽ ഏഴോളം തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരുമെത്തിയില്ല.
പേരൂർക്കട- മൺവിള പദ്ധതിക്ക് റീടെൻഡർ
63 കോടി ചെലവിൽ പേരൂർക്കട- പുതുകുന്ന്- മൺവിള പൈപ്പ്ലൈൻ പദ്ധതി റീടെൻഡർ നടപടിയായെങ്കിലും പണി തുടങ്ങിയിട്ടില്ല. ആദ്യം ടെൻഡറെടുത്തിരുന്ന തൊടുപുഴ സ്വദേശിയായ കരാറുകാരൻ 17.40 കോടി ചെലവിട്ട് പൈപ്പിടൽ നടത്തിയെങ്കിലും കൊവിഡിന് ശേഷമുണ്ടായ ചെലവ് വർദ്ധനയിൽ പദ്ധതി ഉപേക്ഷിച്ചു. പുതിയ കരാർ മൂവാറ്റുപുഴ മേരിമാത ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ കഴക്കൂട്ടം,പള്ളിപ്പുറം,മൺവിള,ടെക്‌നോപാർക്ക്,കിൻഫ്ര തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.
പദ്ധതി......
900 എം.എം പി.വി.സി കോൺക്രീറ്റ് പൈപ്പ് മാറ്റി 1200 എം.എം എം.എസ് പൈപ്പ് സ്ഥാപിക്കുക
പാളയം പദ്ധതി കടലാസിൽ
പാളയം സബ്ഡിവിഷന്റെ കീഴിലുള്ള പഴയ പൈപ്പുകൾ മാറ്റുന്നതിനായി അമൃത്-2 പദ്ധതിയുടെ കീഴിൽ 6.22 കോടി വകയിരുത്തിയിരുന്നു. എന്നാൽ, 2023ന് ശേഷം പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കാലപ്പഴക്കം ചെന്ന പൈപ്പ്‌ലൈനുകൾ എവിടെയൊക്കെയുണ്ടെന്ന് കണ്ടെത്താൻ കഴിയാത്തതാണ് കാരണം. ഇതുകൂടാതെ ഒബ്സർവേറ്ററി ഹില്ലിൽ നിന്ന് വെള്ളയമ്പലത്തേക്കും പാറ്റൂർ- ചാക്ക വഴി ശംഖുംമുഖത്തേക്കുമുള്ള പൈപ്പ്ലൈനുകൾ കാലപ്പഴക്കം കാരണം പൊട്ടലും ചോർച്ചയുമുണ്ടാകുന്നത് കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്.
എ.ഡി.ബി പദ്ധതിയിൽ
പരിഹാരമെന്ന് അധികൃതർ
നഗരത്തിലെ കുടിവെള്ള വിതരണം പരിഷ്കരിക്കുന്നതിനായി എ.ഡി.ബി വായ്പാ പദ്ധതിയിൽ തിരുവനന്തപുരം നഗരത്തെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. 2511 കോടിയുടെ എ.ഡി.ബി വായ്പാ പദ്ധതിയിൽ 1200 കോടിയോളം തിരുവനന്തപുരത്തിന് ലഭിക്കുന്നതിനുള്ള പദ്ധതി ശുപാർശകളാണ് നഗരസഭ നൽകിയിരിക്കുന്നത്. നെയ്യാർ ഡാമിൽ 120 എം.എൽ.ഡി ജലശുദ്ധീകരണശാലയും നഗരത്തിലേക്കുള്ള പൈപ്പ്ലൈനുമാണ് ഇപ്പോൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള പ്രവർത്തനങ്ങളിൽ വൈകാതെ വ്യക്തതയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |