SignIn
Kerala Kaumudi Online
Tuesday, 26 August 2025 9.05 AM IST

മാങ്കൂട്ടത്തിലെ മൽഗോവ

Increase Font Size Decrease Font Size Print Page
rahul

ഒരുപാട് വലുതാകുമെങ്കിലും ബലഹീനതകൾ ഒരുപാടുള്ള വൃക്ഷമാണ് മാവ്. ചെറിയൊരു കാറ്റ് വീശിയാൽ പോലും 'ടമാർ പടാർ" എന്ന നിലവിളി ശബ്ദത്തോടെ വീഴും. മാവിൻ തണലിലിരുന്ന് ഒരുപാട് 'ജാളി"യാക്കിയവർ പോലും അപ്പോൾ കൂട്ടിനുണ്ടാവില്ല. ഒരില വീഴുമ്പോൾ അനേകം ഇലകൾ ചിരിക്കുന്നത് നാട്ടുനടപ്പാണ്. വീണ ഇല ചീഞ്ഞഴുകി മരത്തിനു വളമാവുകയും പുതുനാമ്പുകൾക്ക് ഊർജം പകരുകയും ചെയ്യും. ഏതെങ്കിലും മാവിൻ ചുവട്ടിലോ മാവിൻകൂട്ടത്തിന് അരികിലോ നിന്നാൽ ഈ പ്രപഞ്ചസത്യം ബോദ്ധ്യമാകും. മാവ് മൽഗോവ ആയാലും വീണാൽ കണ്ണിമാങ്ങയുടെ വിലപോലുമുണ്ടാവില്ല. ഈ ചരിത്ര സത്യങ്ങൾക്ക് കോൺഗ്രസിലെ ചില സംഭവവികാസങ്ങളുമായി ബന്ധമുണ്ടോയെന്നു സംശയിച്ചാൽ ഇല്ലാതില്ല. പേരിനൊപ്പം മാവിൻകൂട്ടമുള്ള ഒരു ഗാന്ധിയൻ യൂത്തു നേതാവിന്റെ കുസൃതികളെ കുത്സിത പ്രവർത്തനങ്ങളായി പലരും ദുർവ്യാഖ്യാനം ചെയ്യുന്നു. മറ്റു പാർട്ടികളിൽ ഇത്തരം ഏർപ്പാടുകൾ ഇല്ലെന്ന കാര്യമെങ്കിലും യൂത്തൻ തിരിച്ചറിയണമായിരുന്നു.
ഭാവി മുഖ്യമന്ത്രി ആകേണ്ടിയിരുന്ന രാഹുലിന്റെ ചിന്ന ചിന്ന ആശകൾ പെരിയ പെരിയ പൊല്ലാപ്പുകളായി അദ്ദേഹം നടുവുംതല്ലി വീണപ്പോൾ, പല ചങ്ങാതിമാരും തേങ്ങിക്കരഞ്ഞെങ്കിലും അത് സന്തോഷം കൊണ്ടല്ലെന്ന് ഇപ്പോൾ വ്യക്തമായി. ഭാവി മുഖ്യമന്ത്രിയായ കേരള രാഹുൽജി, അതേ പേരുള്ള ഭാവി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നാണ് വാർറൂം മേധാവികളുടെ ഉൾപ്പെടെ കണ്ടെത്തൽ. ആഗ്രഹങ്ങൾ അനന്തമാകാം, പക്ഷേ ആക്രാന്തമാകരുത് എന്ന് കേരള രാഹുൽജിക്ക് ആരും പറഞ്ഞുകൊടുത്തില്ല.

പ്രായത്തിലും പക്വതയിലും മൂത്തു മുരടിക്കാത്ത യൂത്തു നേതാവിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുമെന്നു പറഞ്ഞിരുന്ന യൂത്തന്മാർ അക്ഷരാർത്ഥത്തിൽ വാക്കു പാലിച്ചു; പാറയല്ല, കരിമ്പാറ തന്നെ. അനങ്ങുന്നില്ല.

കേരളത്തിൽ അടുത്തവർഷം അധികാരത്തിൽ വരാനൊരുങ്ങുന്ന കോൺഗ്രസിനെ ഊരാക്കുടുക്കിലാക്കിയ പ്രശ്‌നത്തിനു പരിഹാരമായി ഒരു വനിത, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആകണമെന്ന് മഹിളാ കോൺഗ്രസുകാർക്ക് ആഗ്രഹമുണ്ട്. കഴിവുറ്റ ഒരുപാട് വനിതകളുണ്ടുതാനും. വളരെ നല്ല കാര്യമാണെങ്കിലും സമയമായില്ലെന്നാണ് കേരള ഹൈക്കമാൻഡിന്റെ നിലപാട്. ഒരു വനിത മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. വനിതാശാക്തീകരണമാണ് പാർട്ടിനയം.
സഖാക്കളും സംഘികളും ഖദറുകാരെ കായികമായി നേരിടുന്ന സാഹചര്യത്തിൽ ശാന്തശീലകളായ പെൺകുട്ടികൾ വന്നിട്ടു കാര്യമില്ല. അതുകൊണ്ട് അത്യാവശ്യം മർമ്മാണി വിദ്യകൾ അറിയാവുന്ന ഒരു യൂത്തനെ പ്രസിഡന്റ് ആക്കണമെന്നാണ് ആഗ്രഹം. ഡൽഹി രാഹുൽജിയുടെ വലംകൈയായ കെ.സി. വേണുഗോപാൽജി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻജി, ലീഡർ കരുണാകർജിയുടെ കളരിയിൽ പയറ്റിത്തെളിഞ്ഞ രമേശ് ചെന്നിത്തലജി, പയറ്റിത്തെളിഞ്ഞിട്ടും വെറും ചന്തുവായിപ്പോയ കെ. മുരളീധരൻജി,​ കെ.പി.സി.സി മുൻ പ്രസിഡന്റും മലബാറിലെ ആയിരത്തൊന്നു കളരികളുടെ ഗുരുക്കളുമായ സുധാകർജി എന്നിവരുടെ ശിഷ്യൻമാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, കെ.എസ്.യു മുൻ പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരാണ് ഗോദയിൽ. തള്ളുന്നവരുടെ പവർ അനുസരിച്ച് ഇവരിലൊരാൾ പ്രസിഡന്റാകുമെന്നാണ് സൂചനകൾ. ഗ്രൂപ്പുകൾക്ക് പഞ്ഞമില്ലാത്ത കോൺഗ്രസിൽ കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് ഒരു പ്രബല ഗ്രൂപ്പ് സജീവമാകുകയാണെന്നും റിപ്പോർട്ടുണ്ട്.

വരും,​ മൂത്തു പോകാത്ത

യൂത്ത് നേതാവ്

തടിമിടുക്കുള്ള പിള്ളേര് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും തലപ്പത്ത് വരണമെന്നാണ് വാർറൂമിന്റെ ആഗ്രഹം. ഒരു ലോഡ് വികസന പദ്ധതികളുമായി മുഖ്യമന്ത്രിയും പരിവാരങ്ങളും വടക്കുനിന്ന് തെക്കോട്ട് നവ കേരള ഏക്‌ഷൻ വണ്ടിയിൽ യാത്ര നടത്തിയപ്പോൾ ഇതു ബോദ്ധ്യപ്പെട്ടതാണ്. സംസ്ഥാന സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ നേരിൽ ബോദ്ധ്യപ്പെട്ട യൂത്തന്മാർ മുഖ്യനെ തെറ്റിദ്ധരിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ കൂട്ടത്തോടെ വണ്ടിക്കു മുന്നിൽ ചാടിയതാണ് പ്രശ്‌നമായത്. ആ കുട്ടികളെ രക്ഷിക്കൂ എന്ന് മുൻസീറ്റിലിരുന്ന മുഖ്യമന്ത്രി അലറിയതോടെ റെഡ് വോളന്റിയർമാരും ഡി.വൈ.എഫ്.ഐക്കാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് കേരളം മറന്നിട്ടില്ല. ഇടിക്കട്ട, ചെടിച്ചട്ടി, സൈക്കിൾ ചെയിൻ തുടങ്ങിയ ഉപയോഗിച്ചു നടത്തിയ 'രക്ഷാപ്രവർത്തനത്തിൽ' യൂത്തന്മാർക്ക് സാരമായ കേടുപാട് സംഭവിച്ചെങ്കിലും സഖാക്കളുടെ കരുതൽക്കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. ഈ പാഠം ഉൾക്കൊണ്ട് തന്റെ ഏതെങ്കിലുമൊരു ശിഷ്യനെ യൂത്ത് നേതാവാക്കണമെന്നാണ് സുധാകർജിയുടെ ആഗ്രഹം. വലിയ ആശാനായിട്ടും വീട്ടുപറമ്പിലെ ക്ഷുദ്രപ്രയോഗങ്ങളിൽ വീണുപോയ സുധാകർജിക്ക് പാർട്ടിയിൽ നിലവിൽ പവറില്ല. മൂപ്പര് ഒരുപാട് മൂത്തു മുരടിച്ചു പോയെന്നാണ് ആരോപണം. മർമ്മാണി വിദ്യകളുടെ മറുകര കണ്ട ആശാനെ പാളയത്തിലുള്ളവർ 'കോഴിത്തല പ്രയോഗ'ത്തിലൂടെ വീഴ്ത്തുകയായിരുന്നു. ലോഡ് കണക്കിന് കോഴിത്തലകളാണ് അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽനിന്നു കിട്ടിയത്. ചെയ്തവരെ മൂപ്പർക്കറിയാം. കോൺഗ്രസിൽ ഇതൊക്കെ പതിവാണെന്നാണ് അടുപ്പക്കാരോട് പറഞ്ഞത്.

കുസൃതിക്കാരുടെ ലോകം

യു.എസ്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെ വിശ്വവിഖ്യാതരായ ഒരുപാട് നേതാക്കൾ ഇതുപോലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. കുസൃതിക്കാരായ നേതാക്കൾക്ക് ഇന്ത്യയിലും പഞ്ഞമില്ല. പക്ഷേ ഇത്തരം ഏർപ്പാടുകൾ കോൺഗ്രസിൽ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിജി പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്‌റുജി മുതൽ മഹത്തായ പാരമ്പര്യമുള്ള നേതാക്കളുള്ള പ്രസ്ഥാനമാണിത്. ആ പ്രസ്ഥാനത്തിന്റെ യൂത്ത് കസേരയിലിരുന്ന് ഇങ്ങനെയൊക്കെ ചെയ്യാൻ മാങ്കൂട്ടത്തിൽ രാഹുലന് എങ്ങനെ തോന്നിയെന്നാണ് കോൺഗ്രസുകാർ ചോദിക്കുന്നത് !

TAGS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.