ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നാലുദിവസം നീണ്ടുനിന്ന തിരിച്ചടിയിൽ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ഇന്ത്യയ്ക്ക് തകർക്കാനായി. ഇതിനു പകരമായി ഡ്രോണുകൾ ഉപയോഗിച്ച് മിസൈലുകളും ബോംബുകളും പാകിസ്ഥാൻ പ്രയോഗിച്ചെങ്കിലും ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും റഷ്യൻ നിർമ്മിത 400 പ്രതിരോധ സംവിധാനവും അതെല്ലാം തടയുകയുണ്ടായി. ഇറാന്റെയും ഹമാസിന്റെയും മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ രക്ഷിച്ചത് അവരുടെ അയൺ ഡോം പ്രതിരോധമാണ്. ആധുനിക യുദ്ധത്തിൽ വ്യോമ പ്രതിരോധ സംവിധാനത്തിന് ഏറ്റവും നിർണായകമായ സ്ഥാനമാണുള്ളത്. ഇത് മുൻനിറുത്തി ഇന്ത്യ ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പുതിയ വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചുവരികയായിരുന്നു. ഇതിന്റെ വിജയകരമായ പരീക്ഷണം ഒഡീഷ തീരത്തെ ചാന്ദിപ്പൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നടത്തിയത് ഈ രംഗത്ത് ഇന്ത്യയുടെ ഒരു വലിയ കാൽവയ്പ്പായി മാറും.
ശത്രുക്കളുടെ ഡ്രോൺ മുതൽ മിസൈലുകളെ വരെ ഒരേസമയം പ്രതിരോധിക്കുന്ന ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണം വിജയകരമായത് പ്രതിരോധ ശാസ്ത്രജ്ഞന്മാരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ്. അതിവേഗം വിവിധ ദിശകളിലും ഉയരത്തിലുമെത്തിയ രണ്ട് ആളില്ലാ ഡ്രോൺ, മൾട്ടി - കോപ്‌ടർ ഡ്രോണടക്കമുള്ളവയെ പരീക്ഷണത്തിൽ നിർവീര്യമാക്കി. മിസൈൽ സംവിധാനം, സിസ്റ്റം കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം, ഡ്രോൺ കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം, സിഗ്നലുകൾ പിടിച്ചെടുക്കാനും നിരീക്ഷിക്കാനുമുള്ള റഡാറുകൾ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് ചാന്ദിപ്പൂരിലെ പരീക്ഷണം സ്ഥിരീകരിച്ചു. ഈ പരീക്ഷണം രാജ്യത്തിന്റെ ബഹുനിര വ്യോമ പ്രതിരോധ ശേഷി തെളിയിച്ചെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വ്യോമ പ്രതിരോധ സംവിധാനത്തിന് പ്രധാനമായും മൂന്ന് പ്രത്യേകതകളാണ് ഉള്ളത്. ക്വിക് റിയാക്‌ഷൻ സർഫസ് ടു എയർ മിസൈലാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് പത്ത് കിലോമീറ്റർ ഉയരത്തിൽ പറക്കുന്നവയെ വരെ തകർക്കും. ഒരു ലോഞ്ചറിൽ ആറ് മിസൈൽ വരെ ഉപയോഗിക്കാനാവും. ശത്രുവിമാനം, മിസൈൽ എന്നിവ റഡാറിൽ പതിഞ്ഞാലുടൻ കമാൻഡ് ആൻഡ് കൺട്രോളിലേക്ക് സന്ദേശം പോകും. ഇത് ലഭിച്ചാലുടൻ മിസൈൽ തൊടുക്കും. ലക്ഷ്യം തിരിച്ചറിഞ്ഞ് തകർക്കാൻ ട്രാക്കർ സംവിധാനവുമുണ്ട്. താഴ‌്‌ന്നു പറക്കുന്ന ശത്രുവിമാനങ്ങൾ, ഹെലികോപ്‌ടർ എന്നിവയെ നിർവീര്യമാക്കുന്ന അഡ്വാൻസ്‌ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ട്രൈപോഡിന്റെ സഹായത്തോടെയോ തോളിൽ വച്ചോ വിക്ഷേപിക്കാവുന്ന മിസൈലാണിത്. ലക്ഷ്യത്തെ സ്വയം കണ്ടെത്തി നശിപ്പിക്കുകയും ചെയ്യും. ലേസർ അധിഷ്ഠിത ഡയറക്ടഡ് എനർജി വെപ്പൺ എന്നതാണ് മൂന്നാമത്തെ പ്രത്യേകത. ചെറിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള ലേസർ അധിഷ്ഠിത ആയുധമാണിത്. ഇതിലൂടെ തീവ്രമായ ലേസർ ബീം ഉപയോഗിച്ചും ശത്രുവിമാനങ്ങൾ തകർക്കാനാവും.
പദ്ധതിയുടെ മൊത്തം ചെലവ് 4800 കോടി രൂപയാണ്. ഇസ്രയേലിന്റെയും റഷ്യയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതാണ് ഇന്ത്യയുടെ പുതിയ സംവിധാനം. ഇന്ത്യയുടെ ആകാശം ശത്രുക്കൾക്ക് ഇനി ബാലികേറാമലയാകുമെന്ന് കരുതാം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണങ്ങളിലൊന്നിൽക്കൂടി ഇന്ത്യ ഇന്നലെ വിജയം കൈവരിച്ചു. ദൗത്യത്തിനു ശേഷം ബഹിരാകാശ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റാണ് ഇന്നലെ വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂളിന്റെ വേഗത പാരച്യൂട്ടുകൾ ഉപയോഗിച്ച് ക്രമേണ കുറച്ചുകൊണ്ടുവരുന്ന പരീക്ഷണമാണ് നടത്തിയത്. വ്യോമരംഗത്തെ രണ്ട് സുപ്രധാന വിജയങ്ങളാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |