
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള വിമാന യാത്രക്കാർ വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. ഈ സാഹചര്യത്തിൽ മറ്റു വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതും യാത്രക്കാരെ വലച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ഇടപ്പെട്ട് നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമേകി മുന്നോട്ടു വന്നിരിക്കുകയാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് ടിക്കറ്റ് മാറ്റാനും റദ്ദാക്കാനുമുള്ള ഫീസ് ഒഴിവാക്കിയെന്നും ഇരു വിമാനക്കമ്പനികളും അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഡിസംബർ നാല് മുതൽ തന്നെ നോൺസ്റ്റോപ്പ് ഡൊമസ്റ്റിക് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റുകളുടെ നിരക്കുകൾക്ക് പരിധി നിശ്ചയിച്ചിരുന്നു. സർക്കാരിന്റെ ഉത്തരവ് പൂർണ്ണമായും പാലിക്കുമെന്നും കമ്പനികൾ അറിയിച്ചു.
ആവശ്യത്തിന് പൈലറ്റുമാരുടെയും ജീവനക്കാരുടെയും അഭാവം, സാങ്കേതിക തകരാർ എന്നിവ ചൂണ്ടികാണിച്ച് ഇൻഡിഗോയുടെ 850ഓളം സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഇത് മുതലെടുത്ത് മറ്റു എയർലൈനുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ എല്ലാ എയർലൈനുകളും നിശ്ചിത ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കണമെന്നാണ് പ്രശ്നത്തിൽ ഇടപെട്ട് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. മാത്രമല്ല ഇൻഡിഗോയുടെ നിലവിലത്തെ പ്രതിസന്ധി അതിവേഗം പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
യാത്രാ ദുരിതത്തിലായവരെ സഹായിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും എല്ലാ സർവീസുകളിലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ എല്ലാ സർവീസുകളിലും കൂടുതൽ സീറ്റുകൾ ലഭ്യമാക്കി. സാദ്ധ്യമായ സന്ദർഭങ്ങളിൽ ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് അധിക ചാർജ് ഈടാക്കാതെ തന്നെ അപ്ഗ്രെഡേഷൻ നൽകാനും കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളും പരമാവധി ഉപയോഗിച്ച് കൂടുതൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. പ്രധാനപ്പെട്ട റൂട്ടുകളിൽ എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകളും ഏർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |