കഴക്കൂട്ടം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പാട്ടത്തിൻകര വാർഡിലും പോത്തൻകോട് പഞ്ചായത്തിലെ കല്ലൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കുമടക്കം നിരവധിപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9നാണ് സംഭവം. പാട്ടത്തിൻകര വാർഡിലെ ദക്ഷിണ (4), ദക്ഷിണയുടെ അപ്പൂപ്പൻ അപ്പുപിള്ള,രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദക്ഷിണയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. കല്ലൂർ വാർഡ് മുസ്ലീം ജമാ അത്തിലെ ചീഫ് ഇമാം സൽമാൻ ഖാസിം (38) നും മകൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ(5), ഹമീദ്(64) തുടങ്ങിയവരടക്കം പത്തോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സ്കൂളിലേക്ക് പോകാൻ പിതാവിന്റെ ബൈക്കിനടുത്തേക്കെത്തിയ ഫാത്തിമയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഓടിയെത്തിയ സൽമാൻ ഖാസിമിന് നായയുടെ ആക്രമണത്തിൽ കൈവിരൽ മുറിഞ്ഞു തൂങ്ങി.
പാട്ടം വാർഡിലെ നാലുപേരെ കടിച്ച ശേഷമായിരുന്നു നായ കല്ലൂരിലെത്തിയത്. നായയ്ക്കായി നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാവറമ്പലം ഭാഗത്തുവച്ച് ഈ നായയെ ചിലർ കണ്ടെങ്കിലും പിടികൂടാനായില്ല. കടിയേറ്റവർ അശുപത്രിയിൽ ചികിത്സ തേടി. കൈവിരൽ മുറിഞ്ഞു തൂങ്ങിയ സൽമാൻ ഖാസിമിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രദേശത്ത് ആക്രമണം നടത്തിയ തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |