തിരുവല്ല : ഓണക്കാലത്തേക്ക് ഇരവിപേരൂർ പഞ്ചായത്തിലെ ഫ്ലോറി വില്ലേജിൽ വിളവെടുപ്പിനായി ബന്ദിപ്പൂക്കളൊരുങ്ങി. ജനകീയാസൂത്രണത്തിലെ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി അര ഏക്കറിൽ കൃഷിചെയ്ത മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ബന്ദിപ്പൂക്കളാണ് അഴകോടെ വിരിഞ്ഞു നിൽക്കുന്നത്. 80,000 രൂപയുടെ പദ്ധതി പ്രകാരം ഇരവിപേരൂർ കാർഷിക കർമ്മസേന 5 രൂപയുടെ 16,000 ഹൈബ്രിഡ് ബന്ദി തൈകൾ കഴിഞ്ഞ ജൂണിൽ ഉൽപാദിപ്പിച്ചിരുന്നു. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള 47 വനിതാ ഗുണഭോക്താക്കൾക്കായി ഈ തൈകൾ വിതരണം ചെയ്തു. ഇവയുടെ പരിപാലനം സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ കൃഷിഭവനിൽ നിന്നും നൽകി. ഫ്ളോറി വില്ലേജ് പദ്ധതി പ്രകാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ബന്ദി തോട്ടങ്ങളിൽ നിന്നുമാണ് ഇരവിപേരൂർ ഓണം വിപണിയിലേക്ക് പൂക്കളെത്തുക. കൃഷിവകുപ്പിന്റെ ഓണസമൃദ്ധി ഓണവിപണിയോട് അനുബന്ധിച്ചും ഫ്ലോറി വില്ലേജ് പദ്ധതി വിപണന സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് കൃഷി ഓഫീസർ സ്വാതി ഉല്ലാസ് പറഞ്ഞു. ഓണക്കാല പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ്, സി.ഡി.എസ് ചെയർപേഴ്സൺ സജിനി കെ. രാജൻ, കൃഷിഭവൻ, ഉദ്യോഗസ്ഥർ, ഫ്ലോറി വില്ലേജ് പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |