ആര്യനാട്: പലയിടങ്ങളിൽ നിന്നും കടംവാങ്ങി പറ്റിച്ചുവെന്ന സി.പി.എം അപവാദ പ്രചാരണത്തിൽ മനംനൊന്ത് കോൺഗ്രസ് വനിത ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തംഗവും മഹിളാകോൺഗ്രസ് നേതാവുമായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്.ശ്രീജയാണ് (48) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ വീടിനു സമീപത്ത് ആസിഡ് കഴിച്ച് അവശനിലയിൽ കണ്ടെത്തിയ ശ്രീജയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സി.പി.എമ്മിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
മക്കളുടെ വിവാഹാവശ്യത്തിനും ഭർത്താവിന്റെ ചികിത്സാചെലവുകൾക്കുമായി പലരിൽ നിന്നും ശ്രീജ വായ്പ വാങ്ങിയിരുന്നു. യഥാസമയം ഇത് തിരികെ നൽകാൻ കഴിയാതെ വന്നതോടെ ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കടം തീർക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. അതിനിടെ സാമ്പത്തിക തിരിമറി ആരോപിച്ച് ശ്രീജയ്ക്കെതിരെ തിങ്കളാഴ്ച വൈകിട്ട് സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. പോസ്റ്റർ പ്രചാരണവും മൈക്ക് പ്രചാരണവും നടത്തിയിരുന്നു.
തങ്ങൾക്ക് 20 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നും സി.പി.എം പ്രതിഷേധത്തിലെ മോശം പരാമർശവും പദപ്രയോഗങ്ങളും കാരണം ശ്രീജ മനോവിഷമത്തിലായിരുന്നുവെന്ന് ഭർത്താവ് ജയകുമാർ പറഞ്ഞു. ഒരു മാസം മുൻപും ഗുളികകൾ കഴിച്ച് ശ്രീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൃതദേഹം ഇന്നുരാവിലെ 9ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: ചന്ദന ജയൻ, മിഥുന ജയൻ. മരുമക്കൾ: അഭി,അരുൺ.
മൃതദേഹവുമായി
പ്രതിഷേധം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം എത്തിച്ച ശ്രീജയുടെ മൃതദേഹവുമായി ഇന്നലെ വൈകിട്ട് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ആര്യനാട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരുടെ പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭർത്താവിന്റെ മൊഴിയിൽ പറയുന്ന സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാലു പേർക്കെതിരെ കേസെടുക്കാമെന്ന പൊലീസ് ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |