അതിയായ വേദനയോടെയും നടുക്കത്തോടെയുമാണ് എ.ഡി.ജി.പി മഹിപാൽ യാദവിന്റെ വിയോഗവാർത്ത അറിഞ്ഞത്. എക്‌സൈസ് കമ്മിഷണർ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നു. കമ്മിഷണറായി പ്രവർത്തിക്കവേ തികഞ്ഞ കൂട്ടായ്മയോടും ഒരു ആശയക്കുഴപ്പവുമില്ലാതെയുമാണ് മുന്നോട്ടുപോയത്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റവും ലാളിത്യവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. കർത്തവ്യ നിർവഹണത്തിൽ കർക്കശക്കാരനുമായിരുന്നു. എക്‌സൈസ് സേനയ്ക്കാകെ ഊർജ്ജവും അഭിമാനവുമായിരുന്ന ഒരു ഉദ്യോഗസ്ഥനെയാണ് നമുക്ക് നഷ്ടമായത്.
അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കുന്നതിന്റെ തലേദിവസവും തൃശൂർ എക്‌സൈസ് അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അന്നും അദ്ദേഹം പതിവുപോലെ പ്രസന്നവദനനായിരുന്നു. പിറ്റേന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം സ്വദേശമായ ജയ്പൂരിലേക്ക് അദ്ദേഹം മടങ്ങിപ്പോയിരുന്നു.
എക്‌സൈസ് സേനയ്ക്ക് പുതിയ ദിശാബോധം നൽകുന്ന ഇടപെടലുകളാണ് മഹിപാൽ സ്വീകരിച്ചത്. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികൾ സ്വീകരിച്ചു. മയക്കുമരുന്നിന്റെ ഉറവിടം തേടി ആൻഡമാനിലും തമിഴ്നാട്ടിലും ഡൽഹിയിലും ഉൾപ്പെടെ ഈ കാലഘട്ടത്തിൽ എക്‌സൈസ് വിപുലമായ ഓപ്പറേഷനുകൾ നടത്തി. പ്രതികളെ പിടികൂടുകയും മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. എക്‌സൈസിൽ ദീർഘകാലമായി ഉണ്ടായിരുന്ന സീനിയോറിറ്റി പ്രശ്നം പരിഹരിച്ചതും ഏറ്റവുമധികം ഉദ്യോഗസ്ഥർ പുതുതായി സേനയിലേക്ക് വന്നതും അദ്ദേഹത്തിന്റെ കാലത്താണ്.
രാജസ്ഥാൻ സ്വദേശിയായ മഹിപാൽ യാദവ് 1997 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. ബി.എസ്.എഫിൽ ഐ.ജി ആയി ജോലി ചെയ്യവെയാണ് 2023 ജൂൺ 9 ന് എക്‌സൈസ് കമ്മിഷണറായത്. 2025 മേയ് 22 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
ആശുപത്രിയിലുള്ള സമയത്ത് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോടും സഹപ്രവർത്തകരോടും രോഗവിവരങ്ങളും ചികിത്സാ പുരോഗതിയും നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. ആ പ്രതീക്ഷകൾ അസ്ഥാനത്തായി. പൊടുന്നനെയുണ്ടായ രോഗബാധയും മരണവും ഇപ്പോഴും അവിശ്വസിനീയമായി തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഹൃദയവേദനയോടെ പങ്കുചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |