തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സേനയുടെ ഔദ്യോഗിക യാത്രഅയപ്പ് നിശ്ചയിച്ചിരിക്കെ എ.ഡി.ജി.പി മഹിപാൽ യാദവ് (59) അന്ത്യയാത്രയായി. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. എക്സൈസ് കമ്മിഷണറായിരുന്ന അദ്ദേഹം ബ്രെയിൻട്യൂമർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീവെടുത്ത് ചികിത്സയിലായിരുന്നു. ഈ മാസം 30ന് സർവീസിൽനിന്ന് വിരമിക്കുന്ന മഹിപാലിന് ഇന്നലെ വൈകിട്ട് നാലിന് യാത്രഅയപ്പ് നൽകാനായിരുന്നു തീരുമാനം. അതിനായി അദ്ദേഹം ഓൺലൈനിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മരണം സംഭവിച്ചത്. ജൂൺ 15 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജൂലായ് ഒന്നിനാണ് എയർ ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടുപോയത്. കോളേജ് അദ്ധ്യാപികയായ സുനിത യാദവാണ് ഭാര്യ. എയർടെൽ ഉദ്യോഗസ്ഥനായ ദിവ്യ യാദവ് മകൻ. രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ മഹിപാൽ യാദവ് 1997 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്ര ശേഖറിന്റെ അദ്ധ്യക്ഷതയിൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |