തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് രാത്രിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. പിരിഞ്ഞു പോകാത്ത പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. രാത്രി 8.30നായിരുന്നു മാർച്ച്.
ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു, നിരവധി വനിതകളടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. കോർപറേഷൻ കൗൺസിലർമാരായ വനിതകളടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.ഇതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ വനിത പ്രവർത്തകരെയും പൊലീസ് വളഞ്ഞിട്ട് തല്ലി.നിരവധിപ്പേർക്ക് പരിക്കേറ്റു.
പ്രവർത്തകരുടെ മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു.തുടർന്ന് പൊലീസിന് നേർക്കു സമരക്കാർ കൈയിൽ കരുതിയ തീപ്പന്തം എറിഞ്ഞതായി പൊലീസ് ആരോപിച്ചു.ഇതിൽ ചില പൊലീസുകാർക്ക് നേരിയ രീതിയിൽ പൊള്ളലേറ്റു.കല്ലേറിലും പൊലീസിന് പരിക്കേറ്റു.
തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ സമരക്കാർ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ ഭാരവാഹികളടക്കം നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.വനിതകളടക്കമുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
സമരത്തിനുനേർക്ക് പൊലീസ് അതിക്രമം അഴിച്ചുവിട്ടതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലാതിരിക്കെയാണ് പൊലീസ് അതിക്രമമുണ്ടായതെന്നും അവർ ആരോപിച്ചു. നേതാക്കളായ നേമം ഷജീർ,വീണ.എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |