ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തൽ കരാർ നടപ്പാക്കാൻ ഇസ്രയേൽ തയ്യാറല്ലെന്ന് കരുതുന്നതായി ഖത്തർ. മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്‌റ്റും ചേർന്ന് ആവിഷ്കരിച്ച 60 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശത്തോട് പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. കരാർ നടപ്പാക്കാൻ തയ്യാറാണെന്ന് ഹമാസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേ സമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അറിയിച്ചു.
ജീവനോടെയുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനൽകണമെന്നും പകരം, ഇസ്രയേലി ജയിലുകളിലുള്ള നൂറുകണക്കിന് പാലസ്തീനികളെ മോചിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഗാസയിൽ തുടരുന്ന 50ഓളം ബന്ദികളിൽ ഏകദേശം 20 പേർ മാത്രമാണ് ജീവനോടെയുള്ളത്. അതേ സമയം, മുഴുവൻ ബന്ദികളെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് സൂചിപ്പിച്ച ഇസ്രയേൽ, ഗാസ സിറ്റിയിൽ ആക്രമണം അതിശക്തമാക്കി.
ഇന്നലെ ഗാസ സിറ്റിയിലെ എബാദ് അൽ റഹ്മാൻ മേഖലയിലേക്ക് കടന്നുകയറിയ ഇസ്രയേലി ടാങ്കുകൾ വീടുകൾക്ക് നേരെ ഷെല്ലാക്രമണം നടത്തി. ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രദേശവാസികൾ തെക്കൻ മേഖലകളിലേക്ക് പലായനം തുടങ്ങി. ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ.
ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസിന്റെ സാന്നിദ്ധ്യം ശക്തമാണെന്ന് ഇസ്രയേൽ പറയുന്നു. ഇതിനിടെ 24 മണിക്കൂറിനിടെ 10 പേർ കൂടി മരിച്ചതോടെ ഗാസയിൽ പട്ടിണി മരണം 313 ആയി ഉയർന്നു. ഇതിൽ 119 പേർ കുട്ടികളാണ്. ഇന്നലെ രാവിലെ മുതൽ 50ലേറെ പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 62,890 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |