# ആറു പതിറ്റാണ്ടിന്റെ
നിയമക്കുരുക്കിന് അറുതി
തിരുവനന്തപുരം: പുതിയ ഭൂപതിവ് ചട്ടത്തിന് മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയതോടെ,
മലയോര മേഖലയിൽ പട്ടയവ്യവസ്ഥകൾ ലംഘിച്ച് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും അവയുടെ വിനിയോഗവും നിയമവിധേയമാവും.
വീടുകളും കടകളും റിസോർട്ടുകളും അടക്കം ഇതിന്റെ പരിധിയിൽ വരും. ആറ് പതിറ്റാണ്ടായി നടന്നുവരുന്ന കേസുകൾ തീർപ്പാകും. സബ്ജക്ട് കമ്മിറ്റി കൂടി അംഗീകരിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിലാകും. അതോടെ 2024 ജൂൺ 7വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള എല്ലാ നിർമ്മാണങ്ങളും നിയമവിധേയമാകും.
ഭൂമി ഉപയോഗത്തിന് മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാകും. പുതിയ നിർമ്മാണങ്ങൾ സർക്കാർ അനുമതി വാങ്ങി നടത്താം. പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ വ്യവസ്ഥകളോടെ അധികൃതർക്ക് അനുമതി നൽകാം .
മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനും വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് . രണ്ടാം പിണറായി സർക്കാരിന്റെ തിരഞ്ഞടുപ്പ് വാഗ്ദാനം പാലിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023 സെപ്തംബർ 14ന് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ ബിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഏഴ് മാസത്തോളം തടഞ്ഞുവച്ചശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒപ്പിട്ടത്. അതിനാണ് രണ്ടുവർഷം കഴിഞ്ഞ് ചട്ടമായത്.
അതേസമയം, മുൻകരുതലായിചില വ്യവസ്ഥകളുമുണ്ട്. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേലോ ഏതെങ്കിലും വ്യക്തിയുടെ ആക്ഷേപത്തിൻമേലോ സ്വമേധയാ ഏത് സമയത്തും ഈ ചട്ടത്തിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും.
കേസുകൾക്ക് അന്ത്യം1964ലെ ഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ, 1995ലെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ. 1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ, കർഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങൾ, റബർ ഏലം, തേയില, കോഫി എന്നിവ കൃഷിചെയ്യാനുള്ള പതിവ് ചട്ടങ്ങൾ, വയനാട് കോളനൈസേഷൻ സ്‌കീം, 1993ലെ കേരള ലാന്റ് അസൈൻമെന്റ് സ്‌പെഷ്യൽ റൂൾസ് തുടങ്ങി പതിനൊന്നോളം ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിർമ്മാണങ്ങളെല്ലാം നിയമവിധേയമാകും. ഇവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കേസുകളാണ് കോടതികളിലും റവന്യൂ വിഭാഗത്തിലും കെട്ടിക്കിടക്കുന്നത്. അതെല്ലാം തീർപ്പാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |