സുൽത്താൻ ബത്തേരി: ഇഞ്ചിക്ക് കൃഷിക്ക് പിന്നാലെ നെൽകൃഷിക്കും മഞ്ഞളിപ്പ് രോഗം പടർന്ന് പടർന്നുപിടിച്ചത് കർഷകരെ ആശങ്കയിലാക്കി. നൂൽപ്പുഴ പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് ഓലമഞ്ഞളിപ്പും കരിച്ചിൽ രോഗവും വ്യാപകമായിട്ടുള്ളത്. മഴവിട്ടതോടെ നെൽച്ചെടികളുടെ ഓലകൾ മഞ്ഞളിച്ച് കരിയുന്ന രോഗമാണ് കണ്ടുവരുന്നത്. അതിവേഗമാണ് ഈ രോഗം നെൽച്ചെടികളിലേക്ക് പടരുന്നത്. നിലവിൽ ഇതിനുപ്രതിരോധ മാർഗങ്ങളൊന്നും കർഷകർക്കറിയില്ല. കൃഷിവകുപ്പുമായി ബന്ധപ്പെടുമ്പോഴും രോഗബാധയെ തടയാനാവാശ്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തതും കർഷകരിൽ ആശങ്കക്കിടയാക്കുന്നു.
നേരത്തെ ഇഞ്ചിക്ക് ബാധിച്ച പൈറുക്കുലേറിയ രോഗമാണ് ഇതെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്. മുൻവർഷവും മഴ പിൻവലിഞ്ഞസമയത്ത് കരിച്ചിൽ രോഗം കണ്ടെങ്കിലും പിന്നീട് അത് മാറിയിരുന്നു. എന്നാൽ ഇപ്പോഴിത് വ്യാപകമായതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വന്യമൃഗശല്യത്തെ അതിജീവിച്ചാണ് നൂൽപ്പുഴയിലെ എല്ലായിടത്തും കർഷകർ നെൽകൃഷി ചെയ്തുപോരുന്നത്. രാത്രികാലങ്ങളിൽ കാവലിരുന്ന് ആന, മാൻ, പന്നി എന്നിവയിൽ നിന്ന് കഷ്ടപെട്ടാണ് കൃഷി സംരക്ഷിക്കുന്നത്.
കൃഷിയിറക്കുന്നതിനും കാവലിരുന്നും വേലികെട്ടിയും വിളകൾ സംരക്ഷിക്കുന്നതിനുമായി പതിനായിരങ്ങളാണ് കർഷകർ ചെലവഴിക്കുന്നത്. ഇതിനിടയിൽ ഇത്തരത്തിലുള്ള രോഗബാധകൂടിവരുന്നത് കർഷകർക്ക് ഏറെ പ്രതിസന്ധിയാണ് വരുത്തുന്നത്. നിലവിൽ വന്യമൃഗശല്യം കാരണം ഹെക്ടറുകണക്കിന് പാടമാണ് നൂൽപ്പുഴയിൽ തരിശുകിടക്കുന്നത്. ഇതിനുപുറമെ ഇത്തരത്തിലുള്ള രോഗബാധകൂടി പിടിമുറിക്കിയിൽ അവശേഷിക്കുന്ന പാടങ്ങളും തരിശാകുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്. അതിനാൽ എത്രയുംവേഗം രോഗത്തിന് പ്രതിവിധി കണ്ടുപിടിച്ച് വ്യാപനം തടയണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |