തൃശൂർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയുടെ പദ്ധതി ലക്ഷ്യം കണ്ടതോടെ, തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ ബി.ജെ.പി. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നേടുകയും, പരമാവധി സീറ്റുകൾ കൈയടക്കുകയുമാണ് ലക്ഷ്യം.
ശിൽപ്പശാലകൾക്ക് പുറമേ അടിത്തട്ടിലുള്ള പ്രവർത്തനവും ശക്തമാക്കും. വോട്ടർ പട്ടിക വിവാദം സജീവമായി നിൽക്കുന്നുണ്ടെങ്കിലും ,തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആളെ ചേർക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിലും ഇന്നലെ തൃശൂരിൽ നടന്ന സംസ്ഥാന ശിൽപ്പശാലയിലും തദ്ദേശ തിരഞ്ഞെടുപ്പിലൂന്നിയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇതിനകം സംസ്ഥാനത്തെ 20,000 ഓളം വാർഡുകളിൽ സമ്മേളനം നടത്തി.
അതേസമയം, ഇന്നലെ നടന്ന ശിൽപ്പശാലയിലും കെ.സുരേന്ദ്രന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. എല്ലാവരും എല്ലാ പരിപാടികളിലും പങ്കെടുക്കേണ്ട കാര്യമില്ലെന്ന വിശദീകരണമാണ് സംസ്ഥാന പ്രസിഡന്റ് നൽകിയത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മികച്ച പ്രകടനത്തിന് നേതൃത്വം നൽകിയത് കെ.സുരേന്ദ്രനായിരുന്നു. തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപിയും പങ്കെടുത്തില്ല. പ്രകാശ് ജാവ്‌ദേക്കർ, അപരാജിത സാരംഗി, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ശിൽപ്പശാല.
അയ്യപ്പഭക്ത സംഗമത്തിൽ സ്റ്റാലിൻ :
അപമാനിക്കലെന്ന് രാജീവ് ചന്ദ്രശേഖർ
തൃശൂർ:അയ്യപ്പഭക്ത സംഗമത്തിൽ സനാതനധർമ്മ വിരോധിയായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ശബരിമലയിലെ വിശ്വാസങ്ങളെ തകർക്കാൻ നോക്കിയ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്ത സംഗമം നടത്തുന്നത് പ്രഹസനമാണ്.സി.പി.എമ്മും ഡി.എം.കെയും ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുകയെന്നത് വലിയൊരു വിരോധാഭാസമാണ്.ശബരിമലയിലെ ആചാരങ്ങളെയും അയ്യപ്പഭക്തരെയും അധിക്ഷേപിക്കുകയും ഒട്ടേറെപ്പേരെ ജയിലിലടക്കുകയും ചെയ്ത സർക്കാരാണ് പിണറായി വിജയന്റേത്.സ്റ്റാലിനും മകൻ ഉദയനിധിയും വോട്ടു ബാങ്കുകളെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കളെയും ഹിന്ദു ധർമ്മത്തെയും അവഹേളിക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മാത്രമാണ് അയ്യപ്പസംഗമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |