തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമിറ്റ് ബസുകളെ തടയാനാവാതെ കെഎസ്ആർടിസിയും കേരള സർക്കാരും വലയുമ്പോൾ അത്തരം സർവീസുകളെ സമർത്ഥമായി പൂട്ടാനുളള നടപടികളുമായി തമിഴ്‌നാട്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും മോട്ടാേർ വാഹനവകുപ്പും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ഇത് സാദ്ധ്യമായത്.
ഗൂഡല്ലൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ ഓൾ ഇന്ത്യാ പെർമിറ്റുള്ള സ്വകാര്യബസിനെയാണ് ഏറ്റവും ഒടുവിൽ തമിഴ്‌നാട് പൂട്ടിയത്. രണ്ടാഴ്ചയായി ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലാണ്. റൂട്ട് പെർമിറ്റ് ലംഘിച്ചു എന്ന് വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ യാത്രക്കാരായി ടിക്കറ്റെടുത്ത് ബസിൽ കയറി. ഇടയ്ക്കുവച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ കയറി. ഇവരോട് ബസ് സമാന്തര സർവീസാണെന്ന് തെളിവുസഹിതം ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ മൊഴി കൊടുക്കുകയായിരുന്നു. തെളിവ് ലഭിച്ചതോടെ ബസ് പിടിച്ചിട്ടു.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമാന്തര സർവീസ് നടത്തുന്ന സ്വകാര്യബസുകൾ ഇടയ്ക്കിടെ പരിശോധിക്കുമെങ്കിലും ഒന്നും സംഭവിക്കാറില്ല. ബസുകാർക്കെതിരെ മൊഴികൊടുക്കാൻ ആരും തയ്യാറാവാത്തതാണ് കാരണം. ബസ് ജീവനക്കാരുടെ ഭീഷണിമൂലമാണ് തെളിവുനൽകാൻ യാത്രക്കാർ തയ്യാറാകാത്തതത്രേ. തെളിവില്ലാത്തതിനാൽ ഒന്നും ചെയ്യാനാകാതെ അധികൃതർ മടങ്ങുകയും ചെയ്യും. നേരത്തേ അന്തർസംസ്ഥാന റോഡുകളിൽ മാത്രം സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകൾ കെഎസ്ആർടിസിയുടെ സ്വന്തം റൂട്ടുകളിലും സർവീസ് നടത്തുന്നുണ്ട്. ഇതോടെ കെഎസ്ആർടിസിയുടെ വരുമാനവും ഇടിഞ്ഞു.
എല്ലാകാര്യത്തിനും രാഷ്ട്രീയ ലക്ഷ്യത്തോടെ പരസ്പരം കുറ്റപ്പെടുത്തലുകൾ മാത്രം നടത്തുന്ന യൂണിയനുകൾ തമിഴ്‌നാട് മോഡൽ ഇടപെടൽ നടത്താൻ തയ്യാറാവുന്നില്ല. സ്വകാര്യ ബസുകൾക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |