മലയാളത്തിന്റെ നിത്യഹരിത നായകനാണ് പ്രേം നസീർ. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചത്. ഷാനവാസിനെക്കുറിച്ചും നസീറിനെക്കുറിച്ചും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നസീർ മക്കളെ മുസ്ലീങ്ങളുടെ ചിഹ്നമുപയോഗിച്ച് ജീവിക്കാൻ സമ്മതിച്ചില്ലെന്നും മനുഷ്യരായിട്ടാണ് വളർത്തിയതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
'നസീർ സാറിനെക്കാളും സൗമ്യനാണ് ഷാനവാസ്. ഞാൻ ക്ഷേമനിധിയുടെ ഡയറക്ടറായിരിക്കുമ്പോൾ ഒരു ദിവസം ഷാനവാസ് ഓഫീസിൽ കയറിവന്നു. നസീർ സാർ പറയുമ്പോലെ സംസാരിക്കാൻ ശ്രമിക്കുന്നവനാണ്. പെൻഷനുണ്ടെന്നറിഞ്ഞു, അതൊപ്പിക്കാനാകുമോ എന്നറിയാൻ വന്നതാണെന്ന് പറഞ്ഞു.
ആർക്കും സഹായം ചെയ്യാതെ, കിട്ടിയ പൈസ മക്കൾക്കായി വച്ചിരുന്നെങ്കിൽ കേരളത്തിന്റെ പകുതി വാങ്ങാൻ കഴിയുമായിരുന്നയാളായിരുന്നു നസീർ സാർ. അദ്ദേഹത്തിന് കിട്ടിയ മാറാത്ത ചെക്കുകളിൽ കേസ് കൊടുത്ത് പണം വാങ്ങിയിരുന്നെങ്കിൽ കേരളത്തിന്റെ പകുതി വാങ്ങാമായിരുന്നു. അങ്ങേരുടെ മോൻ നാലായിരം രൂപ പെൻഷന് വന്നേക്കുന്നു. സർക്കാരിന്റെയല്ലേ ദിനേശാ എനിക്കും അവകാശപ്പെട്ടതല്ലേ, ഇരിക്കട്ടേയെന്ന് പറഞ്ഞു. പെൻഷൻ അനുവദിച്ചു.
ഷാനവാസ് വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചതാണെന്ന് പറയാം. ബോർഡിംഗിൽ നിന്നാണ് വളർന്നത്. വീട്ടിൽ പൈസ കുന്നുകൂടിയതിൽ നിന്ന് ഒരുപാട് വഴിതെറ്റിപ്പോയ ആളാണ്. ഇന്ത്യയിലെ ഏതെങ്കിലും പുതിയ കാർ ഇറങ്ങിയാൽ, അത് വേണമെന്ന് പറഞ്ഞാൽ അപ്പോൾ സാറ് വാങ്ങിക്കൊടുക്കുമായിരുന്നു. ആ വാഹനങ്ങൾ കൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലാകുകയും ചെയ്തു. ഇറക്കാൻ സാറ് പോകുകയൊന്നുമില്ല. അവിടെ നിന്നിറങ്ങിവന്നാൽ ബെൽറ്റ് ഊരി അടിക്കും. മൂന്ന് പെൺകുട്ടികളെയും അടിച്ചിട്ടില്ല. ഷാനവാസിനെ മാത്രമേ അടിച്ചിട്ടുള്ളൂ. ഷാനവാസ് തന്നെ അത് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |