കുവൈത്ത് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യത്ത് പുതിയ നീക്കം. സ്വദേശിവൽക്കരണം വേഗത്തിലാക്കാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറയ്‌ക്കാനുമുള്ള ഒരുക്കങ്ങൾ കുവൈത്തിലെ വിവിധ വകുപ്പുകളിൽ ആരംഭിച്ചു. സ്വദേശികളെ ഉപയോഗിക്കേണ്ട ജോലികളിൽ വിദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ഉയർന്ന ഫീസ് ചുമത്തും. സമ്പദ് വ്യവസ്ഥയെ വൈദഗ്ദ്ധ്യവൽക്കരിക്കുക, പൊതുമേഖലാ തൊഴിലുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, സ്വദേശികൾക്ക് അവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് നീക്കം നടത്തുന്നത്.
കുവൈത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടിയുള്ള വിഷൻ 2035 കൂടുതൽ സമഗ്രമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം നടത്തുന്നതെന്നാണ് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തത്. പുതിയ നിയമനിർമാണങ്ങൾ, പ്രത്യേക പരിശീലന പരിപാടികൾ, കുവൈത്ത് സ്വദേശികൾക്ക് അനുയോജ്യമായ തസ്‌തികകളിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് ഉയർത്തൽ തുടങ്ങിയവയാണ് പദ്ധതികൾ.
പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയം കൂടുതലാണ്. സർക്കാർ മേഖലയിൽ ശക്തമായ തൊഴിൽ സുരക്ഷയും ഉണ്ട്. ഇതിന് പുറമേ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വേതന വിടവുകൾ കുറയ്‌ക്കുക, തൊഴിൽ പിന്തുണാ നയങ്ങൾ പരിഷ്‌കരിക്കുക, ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുക, പാഠ്യപദ്ധതി മാറ്റങ്ങൾ, നിർബന്ധിത ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ മികച്ച രീതിയിൽ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് പുതിയ പരിഷ്‌കാരങ്ങളെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |