ദുബായ് : ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അൽ മക്തൂം വീണ്ടും വിവാഹിതയാകുന്നു. മൊറോക്കൻ-അമേരിക്കൻ റാപ്പറായ ഫ്രഞ്ച് മൊണ്ടാനയാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. പാരീസിലെ ഫാഷൻ ഷോകളിലടക്കം ഇരുവരും അടുത്തിടെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് മഹ്റ. കഴിഞ്ഞ വർഷം ജൂലായിൽ മഹ്റ ഇൻസ്റ്റഗ്രാമിലൂടെ മുൻ ഭർത്താവുമൊത്തുള്ള വിവാഹ മോചനം പ്രഖ്യാപിച്ചത് വൈറലായിരുന്നു. ' പ്രിയ ഭർത്താവേ, നിങ്ങൾ മറ്റുള്ളവർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു). എന്ന് നിങ്ങളുടെ മുൻ ഭാര്യ" - മഹ്‌റ ഇൻസ്റ്റയിൽ കുറിച്ചു. പിന്നാലെ മഹ്‌റ 'ഡിവോഴ്‌സ്' എന്ന പേരിൽ പെർഫ്യൂം പുറത്തിറക്കിയതും ചർച്ചയായിരുന്നു.
ഷെയ്ഖ് മന ബിൻ അൽ മക്തും ആയിരുന്നു മഹ്‌റയുടെ ആദ്യ ഭർത്താവ്. 2023 മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്റ്റേറ്റ്, ടെക്നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ്.
കരീം ഖർബൂച് എന്നാണ് മൊണ്ടാനയുടെ യഥാർത്ഥ പേര്. അൺഫൊർഗറ്റബിൾ, നോ സ്റ്റൈലിസ്റ്റ് തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തനായ മൊണ്ടാനയുടെയും രണ്ടാം വിവാഹമാണിത്. മൊണ്ടാനയ്ക്ക് 16 വയസുള്ള ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |