വാഷിംഗ്ടൺ:റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ ഇന്ത്യയെ അനാവശ്യമായി കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാറോ.യുക്രെയിൻ യുദ്ധത്തെ 'മോദിയുടെ യുദ്ധം" എന്നാണ് നവാറോ വിശേഷിപ്പിച്ചത്.ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നത് ഇന്ത്യയുടെ 'ധാർഷ്‌ട്യ"മാണെന്ന് പറഞ്ഞ നവാറോ, ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനഃസ്ഥാപിക്കുന്നതിനെ കുറ്റപ്പെടുത്തി.യുക്രെയിൻ യുദ്ധം നീളുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗികമായി ഉത്തരവാദിയാണെന്ന് നവാറോ ആരോപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നത് അമേരിക്കൻ താത്പര്യങ്ങൾക്ക് ദോഷം ചെയ്യുന്നെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നവാറോ ആരോപിച്ചു.ഇത് ആദ്യമായല്ല നവാറോ ഇന്ത്യയെ വിമർശിക്കുന്നത്. ഇന്ത്യ റഷ്യയ്ക്ക് വേണ്ടിയുള്ള അലക്കുശാലയാണെന്നും ഇന്ത്യയെ തീരുവകളുടെ മഹാരാജാവെന്നും നവാറോ വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനിടെ, തീരുവ വിഷയത്തിൽ ഇന്ത്യ വഴങ്ങിയില്ലെങ്കിൽ യു.എസ് ഇളവുകൾ നൽകില്ലെന്ന് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കെവിൻ ഹാസെറ്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |