വാഷിംഗ്‌ടൺ: വോട്ടുകിട്ടാൻ എന്തും ചെയ്യും. തിരഞ്ഞെടുപ്പിൽ ഇതൊക്കെ സാധാരണമാണ്. അമേരിക്കൻ കോൺഗ്രസിലേക്കുള്ള ടെക്സാസിലെ സ്വയം പ്രഖ്യാപിത റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി വാലന്റീന ഗോമസ് അതിനും മേലെയാണ്. തീവ്ര വികാരങ്ങൾ ഉണർത്തി പരമാവധി വോട്ട് പെട്ടിയിലേക്കെത്തിക്കാനാണ് ആ ഇരുപത്താറുകാരിയുടെ ശ്രമം. 2026-ൽ ടെക്‌സാസിന്റെ 31-ാമത്തെ ഡിസ്ട്രിക്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് വാലന്റീന മത്സരിക്കുന്നത്. എന്നാൽ പാർട്ടി ഇവരുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. മാസങ്ങൾക്കുമുമ്പേ തീവ്ര പ്രചാരണം വാലന്റീന തുടങ്ങിയെങ്കിലും വിശുദ്ധ ഗ്രന്ഥമായ ഖുറാനെതിരെയും മുസ്ലീങ്ങൾക്കെതിരെയും തിരിഞ്ഞതോടെ ലോകം മുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. വാലന്റീനയുടെ ആഗഹ്രവും അതായിരുന്നു.
അമേരിക്കയെ വീണ്ടും ഒന്നാമതാക്കുക (Make America Great Again-മാഗ) എന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വാലന്റീന ഖുറാൻ പരസ്യമായി കത്തിച്ചതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കഴിഞ്ഞവർഷം എൽജിബിടിക്യു വിഭാഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കത്തിച്ചുകൊണ്ടാണ് മാദ്ധ്യമശ്രദ്ധനേടിയത്. താൻ അധികാരത്തിലെത്തിയാൽ ഇത്തരത്തിലുള്ള പുസ്തകങ്ങളെ കത്തിക്കുമെന്നും അത്തരത്തിലുള്ള ആളുകൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും എന്നായിരുന്നു വാലന്റീനയുടെ പ്രഖ്യാപനം. എൽജിബിടിക്യു വിഭാഗത്തെ ഏറ്റവും അധികം വെറുക്കുന്ന ആളാണ് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാഥാസ്ഥിതികരുടെ വോട്ട് പരമാവധി നേടിയാണ് ട്രംപ് ഇത്തവണ അധികാരമുറപ്പിച്ചത്. അതേവഴിതന്നെയാണ് വാലന്റീനയും പയറ്റിനോക്കുന്നത്. പക്ഷേ, തീവ്രതയുടെ കാര്യത്തിൽ ട്രംപിനെയും കവച്ചുവയ്ക്കുന്നു എന്നുമാത്രം.
ടെക്സാസിൽ നിന്ന് മുസ്ലീങ്ങളെയും ഇസ്ലാംമതത്തെയും തുടച്ചുനീക്കുകയാണ് വാലന്റീനയുടെ പ്രഖ്യാപിത ലക്ഷ്യം. ടെക്സാസിലെ ജനസംഖ്യയിൽ വെറും ഒരുശതമാനം മാത്രമാണ് മുസ്ലീങ്ങൾ. 'മുസ്ലീങ്ങളെയും ഇസ്ലാം മതത്തെയും എന്നെന്നേക്കുമായി ഇല്ലാതാക്കിയില്ലെങ്കിൽ നിങ്ങളുടെ പെൺമക്കൾ ബലാത്സംഗം ചെയ്യപ്പെടുകയും ആൺമക്കൾ ശിരഛേദം ചെയ്യപ്പെടുകയും ചെയ്യും. അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യമാണ്. അതിനാൽ മുസ്ലീങ്ങൾക്ക് മറ്റ് 57 രാജ്യങ്ങളിൽ എവിടേയ്ക്ക് വേണമെങ്കിലും പോകാം. ലോകത്ത് യഥാർത്ഥ ദൈവം ഒന്നേയുള്ളൂ. അതാണ് ഇസ്രയേലിന്റെ ദൈവം'- തീവ്ര മുസ്ലീം വിരുദ്ധത വ്യക്തമാക്കി വാലന്റീന പറയുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം ഇത്തരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ് വാലന്റീന.
അതേസമയം, വാലന്റീനയുടെ തീവ്ര മുസ്ലീം വിരുദ്ധ പ്രചാരണം അപകടകരമായ പോക്കാണെന്നാണ് പൊതുസമൂഹത്തിന്റെയും മാദ്ധ്യമങ്ങളുടെയും വിലയിരുത്തലുകൾ. വിശുദ്ധമതഗ്രന്ഥം കത്തിക്കുന്നത് ആക്രമണത്തിന് പേരിപ്പിക്കുകയും ജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. ഇത്തരത്തിലുളള പ്രവൃത്തികളെ അപലപിക്കേണ്ടതാണ്- ടൈംസ് ഓഫ് ഇസ്രായേൽ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം പോലുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളെക്കുറിച്ച് മനസിലാക്കുകയും അത് അനുവദിക്കുകയും ചെയ്യുന്ന ഒരാളാവണം ഭരണതലപ്പത്ത് എത്തേണ്ടത്. അത്തരത്തിലുള്ള ഒന്നിനും ചെവികൊടുക്കാത്ത ഒരാൾ സ്ഥാനാർത്ഥിയാവാൻ യോഗ്യനല്ല എന്നാണ് ഒരു എക്സ് ഉപഭോക്താവ് കുറിച്ചത്.
അമേരിക്കയ്ക്കുവേണ്ടി തീവ്രമായി വാദിക്കുന്നുണ്ടെങ്കിലും വാലന്റീന ശരിക്കും ഒരു അമേരിക്കക്കാരി അല്ലെന്നതാണ് സത്യം. ജന്മംകൊണ്ട് കൊളംബിയക്കാരിയാണ്. വളരെ ചെറുപത്തിൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന് തനി അമേരിക്കക്കാരിയായി. ജീവിക്കുന്ന രാജ്യത്തോടുള്ള കൂറല്ല, അധികാരത്തിലെത്താൻ വോട്ടുനേടാനുള്ള തന്ത്രങ്ങളാണ് വാലന്റീന പയറ്റുന്നതെന്നാണ് സ്വന്തം പാർട്ടിയിലുള്ളവർ തന്നെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |