സിനിമയിലെ പത്തുവർഷ യാത്രയിൽ അനുപമ പരമേശ്വരൻ. മലയാളത്തേക്കാൾ തെലുങ്ക് സിനിമാലോകം അനുപമയെ ചേർത്തുപിടിക്കുന്നു.' ജെ.എസ്.കെ"യിൽ ജാനകി വിദ്യാധരനായി ഇടവേള കഴിഞ്ഞ് മലയാളത്തിലേക്ക് വന്നപ്പോൾ പുത്തൻ പ്രകടനം തന്നെ കാഴ്ചവച്ചു. ശക്തമായ സ്ത്രീ കേന്ദ്രകഥാപാത്രമായി അനുപമ അഭിനയിക്കുന്ന തെലുങ്ക് ചിത്രം 'പർദ്ദ" മലയാളം സംസാരിച്ചു തിയേറ്ററുകളിലുണ്ട്. പ്രവീൺ കാണ്ട്രെഗുല സംവിധാനം ചെയ്യുന്ന 'പർദ്ദ" അനുപമയുടെ കരിയറിൽ അടയാളപ്പെടുത്തുമെന്ന് ഉറപ്പിക്കുന്നതാണ് ലഭിക്കുന്ന പ്രശംസകൾ.
പർദ്ദയിലെ കഥാപാത്രം ഒട്ടും പരിചിതമല്ലാത്തതിനാൽ എങ്ങനെയായിരുന്നു മുന്നൊരുക്കം ?
ആദ്യം ഇപ്പോഴത്തെ അനുപമയെ എടുത്തു മാറ്റിവച്ചു. സുബ്ബു വളരെയേറെ നിഷ്കളങ്കമായ പെൺകുട്ടിയാണ്. ഞാൻ കുറെ വർഷങ്ങൾ പിറകോട്ടുപോയി. കുട്ടിയായിരുന്ന അനുപമ എങ്ങനെയായിരുന്നോ, ആ അനുപമയിലെ ആകാംക്ഷയും, ജീവിതത്തിലെ അന്നത്തെ മാജിക്കും എല്ലാം തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു. പിന്നെ, ഗെറ്റപ്പിൽ മാറ്റം വേണ്ടിവന്നു. സുബ്ബുവിന്റെ നാട്, ആചാരം എന്നീ നിലയിലും വലിയ വ്യത്യാസങ്ങൾ ഉണ്ട്. സംവിധായകനും , കോസ്റ്റ്യൂം ഡിസൈനറും ഞാനും ചേർന്ന് രൂപപ്പെടുത്തിയതാണ് പ്രേക്ഷകർ കാണുന്ന സുബ്ബുവിന്റെ രൂപം. കഥാപാത്രമാകാൻ അത്രമാത്രം കഠിനാദ്ധ്വാനവും വെല്ലുവിളിയും നേരിട്ടു. ഏറെ പ്രതീക്ഷയോടെ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു എന്നാണ് കരുതുന്നത്.
തെലുങ്ക് സിനിമാലോകം എന്തായിരിക്കും ഇങ്ങനെ ചേർത്തുപിടിക്കുന്നത് ?
ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന , ഏറെ പ്രതിഭ നിറഞ്ഞ അഭിനേത്രി ആണോ ഞാൻ എന്ന് എനിക്ക് അറിയില്ല. എന്നാൽ ഒരു കാര്യം അറിയാം. ഒരുപാട് ഭാഗ്യം ലഭിച്ചു. കൃത്യമായ സമയത്താണ് തെലുങ്കിൽ എത്തുന്നത്. അത്യാവശ്യം നല്ല സിനിമകൾ ലഭിച്ചു. മികച്ച സംവിധായകരുടെ സിനിമകൾ, അഭിനയിച്ച സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തു. ഇതെല്ലാം എങ്ങനെയോ വന്നുചേർന്നാണ്. അല്ലാതെ, ഇതിന്റെ കാരണമൊന്നും അറിയില്ല. തെലുങ്കിലെ എന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുത്തതു കൊണ്ടാവും നല്ല സ്വീകരണം തന്നെ ലഭിച്ചത്. അവിടെ അഭിനയിക്കാൻ തുടങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ ട്രോൾ തുടങ്ങിവരുന്നതേയുള്ളൂ. അതും തെലുങ്ക് സിനിമാലോകത്ത് നിലനിൽക്കുന്നത് എളുപ്പമാക്കി.ഇപ്പോൾ അങ്ങനെയല്ല.നായികമാരെ ട്രോളാനും ഹേറ്റ് ചെയ്യാനും തുടങ്ങി.
ഒൻപതു വർഷം മുൻപ് ഹൈദരാബാദിൽ എത്തുമ്പോൾ വ്യക്തി എന്ന നിലയിൽ എങ്ങനെ മുന്നോട്ട് പോകൻ കഴിഞ്ഞു?
തുടക്കത്തിൽ നന്നായി കഷ്ടപ്പെട്ടു. ഭാഷ തന്നെയായിരുന്നു ആദ്യത്തെ പ്രശ്നം. അറിയാത്ത ഭാഷ സംസാരിക്കുന്ന നാട്ടിൽ നിൽക്കുമ്പോൾ മറ്റുള്ളവർ കബളിപ്പിക്കും. റോഡിനു മറുവശത്തേക്കു പോവാൻ ഓട്ടോഡ്രൈവർ 250 രൂപ വരെ വാങ്ങി. ഭാഷ അറിയണമെന്ന് ഉറപ്പിച്ചത് ഇത്തരം അനുഭവം ഉണ്ടായപ്പോഴാണ്. തെലുങ്ക് പഠിച്ചു വന്നപ്പോൾ എളുപ്പമായി. തുടക്കത്തിൽ ഭക്ഷണം ബുദ്ധിമുട്ടായി. ഇപ്പോൾ ആന്ധ്ര, തെലുങ്കാന ഭക്ഷണം ഇഷ്ടമാണ്. എന്തു ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്നു.
സാധാരണ ജീവിതം ആസ്വദിക്കാൻ കഴിയാത്തതിൽ വിഷമം തോന്നാറുണ്ടോ?
ഇത്രയും സൗഭാഗ്യങ്ങൾ സിനിമ തന്നപ്പോൾ സാധാരണ ജീവിതം നയിക്കാൻ കഴിയുന്നില്ല എന്ന് പരാതി പറയാൻ പാടില്ല. എന്നാൽ ചില സമയത്ത് സങ്കടം തോന്നിപോവും. അതൊന്നും സന്തോഷമായി ഇരിക്കുന്ന സമയങ്ങളിൽ അല്ല . ആശുപത്രിയിൽ തിരക്കിലും ബഹളത്തിലും കോലംകെട്ട് ഇരിക്കുമ്പോൾ ആളുകൾ ഫോട്ടോ എടുക്കാൻ വരും. നമ്മുടെ വല്ലായ്മയും അവരെപ്പോലെ ഒരാളാണ് ഞാനും എന്നു അവർ മറന്നുപോവാറുണ്ട്. എന്നാൽ അത് അവരുടെ തെറ്റ് എന്ന് കരുതാനും കഴിയില്ല. അവർ അനുപമ എന്ന സിനിമാതാരത്തെ അപ്രതീക്ഷിതമായി കാണുകയണ്. എന്നാൽ ആ സമയത്ത് എന്റെ മാനസികാവസ്ഥ തിരിച്ചറിയാതെ പോവുന്നു. ചില സമയത്ത് വലിയ വിഷമത്തിൽ ഇരിക്കുമ്പോഴായിരിക്കും 'ആക്ഷൻ" പറയുക. അപ്പോൾതന്നെ അഭിനയിക്കണം. സന്തോഷമോ വിഷമമോ എന്ത് വികാരം ആയാലും അഭിനയിച്ചേ പറ്റൂ.
മലയാള സിനിമ വേണ്ടവിധം പരിഗണിച്ചു എന്ന് കരുതുന്നുണ്ടോ?
നല്ല സിനിമയും ശക്തമായ കഥാപാത്രവും വളരെ കുറവാണ് ലഭിച്ചത്.' ജെ.എസ്.കെ "യിൽ ജാനകി വളരെ ശക്തയായിരുന്നു. കമ്മിറ്റ് ചെയ്ത സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം ശക്തരാണ്.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ശക്തമായ കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ കൂടുതൽ അവസരങ്ങൾ ലഭിക്കൂ. അവസരങ്ങൾ കുറയുന്നതിനെയും ശക്തമായ കഥാപാത്രം ലഭിക്കാത്തതിനെയും ഞാൻ അങ്ങനെയാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |