തൃശൂർ: സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ വനിത പൊലീസ് ഉദ്യോഗസ്ഥ, വഴിയൊരുക്കിയത് രോഗിയില്ലാ ആംബുലൻസിന്. മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. രോഗിയുമായി പോകുന്ന ആംബുലൻസ് കുരുക്കിൽപ്പെട്ടപ്പോൾ വഴിയൊരുക്കിയ വനിത പൊലീസ് ഉദ്യോഗസ്ഥ വൈറലായതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന് രഹസ്യവിവരം ലഭിച്ചത്.
സൈറൺ ഇട്ടിരുന്നില്ലായെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലും സംശയം ജനിപ്പിച്ചു. സൈറൺ മുഴക്കാതെ വന്ന ആംബുലൻസിനായി ഇത്രയേറെ സാഹസികത വേണമായിരുന്നോയെന്ന ചോദ്യവും ഉയർന്നു. കഴിഞ്ഞ 9ന് തൃശൂർ അശ്വിനി ജംഗ്ഷനിലുണ്ടായ സംഭവമെന്ന നിലയിലാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ഒരു രോഗിയെ രക്ഷിക്കാനുള്ള ഓട്ടമെന്ന നിലയിൽ ആദ്യം ഉദ്യോഗസ്ഥർ സംഭവം കാര്യമായെടുത്തില്ല. വാഹനത്തിന്റെ ഉടമ തൊടുപുഴ സ്വദേശി അലനെ ബന്ധപ്പെട്ട് ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് ഇർഫാൻ, ഡ്രൈവർ ഫൈസൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് രോഗിയുണ്ടായിരുന്നില്ലെന്ന് ഇവർ സമ്മതിച്ചത്. നിയമ ലംഘനത്തിന് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതിനും 2,250 രൂപ പിഴ ഈടാക്കി.
വാഹനത്തിന്റെ സൈറൺ ഇട്ടിരുന്നുന്നില്ല. വാഹനം ബ്ലോക്കിൽ കിടക്കുമ്പോൾ എടുത്ത വീഡിയോ ആയിരുന്നു. പിന്നീട് റീൽ ആക്കിയപ്പോൾ സൈറൺ ശബ്ദം എഡിറ്റ് ചെയ്ത് കയറ്റിയതാണ്.
ഫൈസൽ
ആംബുലൻസ് ഡ്രൈവർ.
വാഹനത്തിൽ രോഗിയുണ്ടായിരുന്നില്ലെന്നും അനാവശ്യമായാണ് സൈറൺ മുഴക്കി പോയതെന്നുമുള്ള വിശ്വസനീയ വിവരത്തെ തുടർന്നാണ് അന്വേഷണമാരംഭിച്ചത്.
പി.വി.ബിജു
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |