ബദ്രീനാഥ് ദേശീയപാത ഉൾപ്പെടെ റോഡുകൾ അടച്ചു
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്കും മേഘവിസ്‌ഫോടനത്തിനും പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്.
ഇന്നലെ രാവിലെയാണ് ഉത്തരാഖണ്ഡിലെ ചമോലി, രുദ്രപ്രയാഗ്, തെഹ്‌രി, ബഗേശ്വർ ജില്ലകളിൽ മേഘവിസ്‌ഫോടനമുണ്ടായത്. എസ്.ഡി.ആർ.എഫും എൻ.ഡി.ആർ.എഫും രക്ഷാപ്രവർത്തനം തുടരുകയാണ്.
അളകനന്ദ, മന്ദാകിനി നദികളിലും കൈവഴികളിലും ജലനിരപ്പ് അപകടകരമായി ഉയർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാത ഉൾപ്പെടെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഉത്തരാഖണ്ഡിൽ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ അപകടമേഖലകളിലേക്ക് പോകരുതെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.
ശക്തമായ മഴയെത്തുടർന്ന് പഞ്ചാബിലെ ഒമ്പത് ജില്ലകളിലായി 800ലേറെ ഗ്രാമങ്ങൾ വെള്ളത്തിലായി. വെള്ളപ്പൊക്കം രൂക്ഷമായ പത്താൻകോട്ട്, ബടാല, ഗുർദാസ്പൂർ, ഫിറോസ്പൂർ, ഫസിൽക, കപുർതല, താൺ തരൺ, ഹോഷിയാർപൂർ ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി. പ്രളയബാധിത മേഖലയിൽ നിന്ന് വ്യോമസേന വിമാനത്തിൽ ആളുകളെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ 45 പേർ മരിച്ച, ജമ്മു കാശ്മീരിൽ ഇന്നലെയും കനത്ത മഴ പെയ്‌തെങ്കിലും മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആളപായവുമില്ല. നദികളിൽ ജലനിരപ്പ് അപകടാവസ്ഥയിൽ തുടരുന്നതിനാൽ ജമ്മു മേഖലയിൽ ജാഗ്രത തുടരുകയാണ്. മഴ കനക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദീതീരങ്ങളിലേക്ക് ആളുകൾ പോകരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |