ന്യൂഡൽഹി: സൈനികശേഷിയിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന 'സംയുക്ത തിയേറ്റർ കമാൻഡുകൾ' രൂപീകരിക്കാനുള്ള നീക്കം ഊർജ്ജിതമാക്കി രാജ്യം.
കര-വ്യോമ-നാവിക സേനകളുടെ സംയുക്തമായുള്ള ഓപ്പറേഷനുകൾ വഴി ശത്രുരാജ്യത്തെ വളരെ കൃത്യതയോടെ , മാരകമായി പ്രഹരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. പാകിസ്ഥാനും ചൈനയും ഒറ്റയ്ക്കും കൂട്ടായും ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാനും തകർക്കാനും കഴിയുന്ന സംവിധാനമായി മാറും സംയുക്ത തിയേറ്റർ കമാൻഡുകൾ. ആഗോള സൈനികശേഷിയിലും മുൻപന്തിയിലെത്തും. മൂന്നു സേനാവിഭാഗങ്ങളെയും സംയോജിപ്പിച്ച പോർട്ട് ബ്ലെയറിലെ ആൻഡമാൻ ആൻഡ് നിക്കോബാർ കമ്മാൻഡും, സ്റ്രാട്രജിക് ഫോഴ്സസ് കമ്മാൻഡുമാണ് നിലവിലുള്ളത്.
മൂന്ന് സേനാവിഭാഗങ്ങളും ഒറ്റക്കെട്ടായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ നീക്കത്തിന് ഊർജ്ജമായി. ഈ മാസം 26, 27 തീയതികളിലായി മൂന്നു സേനാ വിഭാഗങ്ങളും സംയുക്തമായി മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ 'രൺസംവാദ്' സെമിനാറിലും 'സംയുക്ത തിയേറ്റർ കമാൻഡുകളുടെ ' രൂപീകരണം ചർച്ചയായി. എന്നാൽ ചൈന, യു.എസ് മാതൃക പകർത്തുന്നതാവരുത് ഇന്ത്യൻ തിയേറ്റർ കമാൻഡുകളെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുക്കണം.
മൂന്ന് കമാൻഡുകൾ
1. വെസ്റ്റേൺ തിയേറ്രർ കമാൻഡ് - ഇന്ത്യ-പാക് അതിർത്തി സംരക്ഷിക്കാനും, നീക്കങ്ങളിൽ അതിവേഗം തിരിച്ചടി നൽകാനും. ആസ്ഥാനം ജയ്‌പൂരിൽ നിർമ്മിച്ചേക്കും.
2. നോർത്തേൺ തിയേറ്റർ കമാൻഡ് - ഇന്ത്യ-ചൈന അതിർത്തി കാക്കാൻ. ആസ്ഥാനം ലക്‌നൗ ആയിരിക്കുമെന്ന് സൂചന.
3. മാരിടൈം തിയേറ്റർ കമാൻഡ് - ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം നടത്താനും ഭീഷണികളെ നേരിടാനും.
ആറു രാജ്യങ്ങൾക്ക്
തീയേറ്റർ കമാൻഡ്
1. യു.എസ്
2. റഷ്യ
3. ചൈന
4. കാനഡ
5. ഓസ്ട്രേലിയ
6. യു.കെ
തദ്ദേശീയ ആയുധങ്ങൾ കരുത്ത്
തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ പരമാവധി ഉപയോഗിച്ചു തന്നെ ശത്രുവിനെ നേരിടാനാണ് ഇന്ത്യയുടെ നീക്കം. പാകിസ്ഥാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ഓപ്പറേഷൻ സിന്ദൂറിൽ തകർത്തത് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ കൊണ്ടായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 2013-14 കാലത്ത് 2.53 ലക്ഷം കോടിയായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷം 6.81 ലക്ഷം കോടിയാണ്. ദീർഘകാല പ്രതിരോധത്തിനായി സുദർശൻ ചക്ര പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ സ്വന്തം കരുത്ത്
1. അഗ്നി ബാലിസ്റ്റിക് മിസൈൽ: ആണവായുധം വഹിക്കാൻ ശേഷിയുമുള്ള ആറ് ഇനങ്ങൾ. 11000-12000 കിലോമീറ്റർ പരിധിയുള്ള അഗ്നി-6 പണിപ്പുരയിൽ.
2. ബ്രഹ്‌മോസ്: ഡി.ആർ.ഡി.ഒ റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ദീർഘദൂര സൂപ്പർസോണിക് ക്രൂസ് മിസൈൽ.
4. പ്രിഥ്വി: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ. ആണവായുധം വഹിക്കും.
6. ആകാശ് :പ്രതിരോധ കവചം. മദ്ധ്യദൂര മിസൈൽ. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയെ തകർക്കും.
7. ശൗര്യ - ഹൈപ്പർസോണിക് ടാക്റ്റിക്കൽ മിസൈൽ. ആക്രമണ പരിധി 700 മുതൽ 1900 കിലോമീറ്റർ വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |