കൊച്ചി: വിൽപ്പന നടത്തിയ ട്രെഡ്മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനും സേവനത്തിലെ അപാകതയ്‌ക്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പനങ്ങാട് സ്വദേശി ലക്ഷ്മി എസ്. രാജ്, എറണാകുളത്ത് പ്രവർത്തിക്കുന്ന ജി.എ സ്‌പോർട്‌സ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
2022 ജനുവരിയിൽ 31,500 രൂപ നൽകി വാങ്ങിയ 'സ്‌പോർട്‌സ് ട്രെഡ്മിൽ" രണ്ടാമത്തെ ആഴ്ച മുതൽ പ്രവർത്തിക്കാതായി. പരാതിപ്പെട്ടതിനെ തുടർന്ന് എതിർകക്ഷി പലതവണ ബെൽറ്റ്, മോട്ടോർ, ഡിസ്‌പ്ളെ ബോർഡ് എന്നിവ മാറ്റി സ്ഥാപിച്ചെങ്കിലും തകരാർ മാറിയില്ല. 2023 ഫെബ്രുവരിയിൽ എതിർകക്ഷിയുടെ മെക്കാനിക്ക് മോട്ടോർ എടുത്തുകൊണ്ടുപോയെങ്കിലും തിരികെ നൽകിയില്ല. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് 2023 മാർച്ചിൽ സ്പീഡ് പോസ്റ്റ് വഴി അറിയിപ്പ് നൽകി.
എന്നിട്ടും മറുപടി നൽകുകയോ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. തുടർന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000, കോടതി ചെലവ് 4,000 എന്നിങ്ങനെയാണ് നഷ്ടപരിഹാരം. ഡി.ബി ബിനു അദ്ധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |