ലണ്ടൻ: ഗുരുദേവ ദർശനം എല്ലാവിധ വിഭാഗീയ ചിന്താഗതികൾക്കുമപ്പുറം ലോക രാജ്യങ്ങളെ മുഴുവൻ ഐക്യപ്പെടുത്തുന്നതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി ആശ്രമം ഒഫ് യു.കെ സംഘടിപ്പിച്ച ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിന്റെ സമാപന വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
.ഹിന്ദുമതമെന്നത് സാഖ്യം, യോഗം, പൂർവ്വമീമാസം, ഉത്തരമാമാംസ, ന്യായം, വൈശേഷികം, ശൈവം, വൈഷ്ണവം, ഗാണപത്യം, കൗമാരം, സൗരം എന്നിങ്ങനെ മതങ്ങളും അദ്വൈതം, വിഷ്ടാദ്വൈതം, ദ്വൈതം എന്നിങ്ങനെയുളള ദർശന ഭേദങ്ങളും ചേർന്ന പൊതുപേരാണ്. പഴയനിയമവും പുതിയനിയമവും ശലോമന്റെ ഉപദേശങ്ങളും ഒക്കെ ചേർന്ന് പലമതങ്ങളുടെ കൂടിച്ചേരലാണ് ക്രിസ്തുമതം. ഇസ്ലാം മതവും പല പല നബിമാരുടെയും പ്രവാചകന്മാരുടെയും ഉപദേശങ്ങളുടെ ആകെത്തുകയാണ്. ഗുരുദേവൻ ചോദിക്കുന്നത് പല പല മതങ്ങൾ ചേർന്ന് ഒരു മതമായിത്തീരുന്നുവെങ്കിൽ ആ എല്ലാമതങ്ങളും കൂടിച്ചേർന്ന് എന്തുകൊണ്ട് മാനവമതംഹ സ്ഥാപിച്ചു കൂടാ എന്നാണ്. ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം ഈ മാനവമതമാണ്. ശ്രീശങ്കര ദർശനത്തിൽ നിന്ന് വളരെ മുന്നോട്ട് പോയിട്ടുളള ദർശനമാണ് ഗുരുവിന്റേതെന്നും സ്വാമി പറഞ്ഞു.
ശാന്തിഹവനയജ്ഞം, ഗുരുപൂജ, സമൂഹപ്രാർത്ഥന, ജപം, ധ്യാനം, ദിവ്യപ്രബോധനം എന്നിവയും സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്നു. ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ആഭിമുഖ്യത്തിൽ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ യൂണിറ്റുകൾ സ്ഥാപിച്ച് ഗുരുധർമ്മപ്രചരണം നടത്തുന്നതിന് തീരുമാനിച്ചു.ഗുരുദർശനരഹ്ന, ആശ്രമം പ്രസിഡന്റ് ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ്ദാമോദരൻ, ട്രഷറർ ദിലീപ് വാസുദേവൻ, അനിൽ കുമാർ രാഘവൻ, ഗണേഷ് ശിവൻ, മധു രവീന്ദ്രൻ, കലാജയൻ, അനീഷ് കുമാർ, അനിൽകുമാർ ശശിധരൻ, ഡോ.ബിജു പെരിങ്ങത്തറ, സതീഷ് കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു. സമൂഹാർച്ചനയും സർവ്വൈശ്വര്യപൂജയും നടന്നു.ഗുരുവിന്റെ ഏകലോകദർശന സാക്ഷാത്ക്കാര പ്രതിജ്ഞയോടെ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിന് സമാപനമായി.
ഫോട്ടോ: ശിവഗിരി ആശ്രമം ഒഫ് യുകെയിൽ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിന് പരിസമാപ്തി കുറിച്ച് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്ന ഗുരുവിന്റെ ഏകലോക ദർശന സാക്ഷാത്ക്കാര പ്രതിജ്ഞ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |