പോരാട്ടത്തിൽ അല്ലെങ്കിൽ മത്സരങ്ങളിൽ വിജയിച്ച ധീരനായ പുരുഷനെ പെൺകുട്ടി വരനായി സ്വീകരിക്കുന്ന നിരവധി കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. കരുത്ത് തെളിയിച്ചയാളെ ഇണയാക്കുന്നത് മനുഷ്യവർഗത്തിൽ മാത്രം നടക്കുന്ന കാര്യമല്ല. ഉഗ്രവിഷമുള്ള രാജവെമ്പാലയിലും ഇത്തരമൊരു കാര്യം കാണാൻ കഴിയും. തെക്കുകിഴക്കൻ ഏഷ്യയിലെ ഇടതൂർന്ന വനങ്ങളിൽ പാമ്പുകൾ ഇണചേരുന്ന കാലത്ത് അത്തരത്തിലുള്ള കാഴ്ചകൾ കാണാൻ സാധിക്കും.
12 അടിയിലധികം നീളമുള്ള രണ്ട് കൂറ്റൻ ആൺ രാജവെമ്പാലകൾ മുഖാമുഖം വരും. എന്നാൽ വിഷപ്പല്ലുകൾ ഉപയോഗിച്ച് പരസ്പരം പോരടിക്കുകയല്ല ഇവ ചെയ്യുന്നത്, അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. ഇതൊരുതരം നൃത്തമായിട്ട് തോന്നാം. നിലത്തുനിന്ന് തലയുയർത്തി, പരസ്പരം വളഞ്ഞും പുളഞ്ഞും ആൺ രാജവെമ്പാലകൾ പരസ്പരം ഏറ്റുമുട്ടുന്നു.
കൊല്ലുകയല്ല, കീഴടക്കുകയാണ് ഈ പാമ്പുകളുടെ ലക്ഷ്യം. ഓരോ രാജവെമ്പാലയും എതിരാളിയുടെ തല നിലത്ത് കുത്തിക്കാൻ ശ്രമിക്കുന്നു. അര മണിക്കൂർ വരെ ഈ പോരാട്ടം നീണ്ടുനിൽക്കുമെന്നാണ് പറയപ്പെടുന്നത്. ഈ പാമ്പുകൾക്ക് സമീപം പെൺ പാമ്പും ഉണ്ടാകും. കരുത്ത് തെളിയിക്കുന്ന പാമ്പുമായി, പെൺ പാമ്പ് ഇണ ചേരുകയും ചെയ്യുന്നു. ഗുസ്തി മത്സരത്തിന്റെ വേറൊരു പതിപ്പായും ഇതിനെ കാണാം. അതായത് മനോഹരവും ജീവന് ഹാനിയാകാത്ത രീതിയിലുള്ളതുമാണ് പാമ്പുകളുടെ പോരാട്ടം.
പ്രാധാന്യം പ്രണയത്തിന്
രാജവെമ്പാലകൾ വിദ്വേഷത്തിനല്ല മറിച്ച് പ്രണയത്തിനാണ് പ്രാധാന്യം നൽകുന്നത്. ആൺ പാമ്പുകൾക്കിടയിലെ ഇത്തരത്തിലുള്ള പോര് കാട്ടിലെ അല്ലെങ്കിൽ രാജവെമ്പാലകൾക്കിടയിലെ നിയമമോ ആചാരമോ ഒക്കെയായി കണക്കാക്കാം. കാരണം പോരാട്ടത്തിനിടയിലും ഈ ശക്തരായ, ഉഗ്രവിഷമുള്ള പാമ്പുകൾ പരസ്പരം കടിക്കില്ല. പകരം അരമണിക്കൂർ വരെ അവർ ഗുസ്തി മത്സരം പോലെ പോരാടുന്നു. പാമ്പുകളുടെ ലക്ഷ്യവും വളരെ സിമ്പിളാണ്. എതിരാളിയുടെ തല മണ്ണിൽ കുത്തിക്കണം. അതാണ് ലക്ഷ്യം. വിജയിക്കുന്നയാൾക്ക് പെൺ രാജവെമ്പാലയുമായി ഇണ ചേരാം.
പോരാട്ടം മനുഷ്യരുടെ മുന്നിൽവെച്ചല്ല
സാധാരണയായി ഇത്തരത്തിൽ മനുഷ്യരുടെ മുന്നിൽവെച്ച് രാജവെമ്പാലകൾ പോരാടാറില്ല. വനങ്ങളിലോ അല്ലെങ്കിൽ ആൾവാസമില്ലാത്ത ഒറ്റപ്പെട്ടയിടങ്ങളിലോ ഒക്കെ വച്ചായിരിക്കും പോരാട്ടം നടക്കുക. അത്യപൂർവമായി മാത്രമേ അങ്ങനെയൊരു കാഴ്ച കാണാനാകൂവെന്ന് ചുരുക്കം. തായ്ലൻഡിലെ കെയ്ങ് ക്രാച്ചൻ, സക്കീരാത്ത് റിസർവുകളിൽ ഗവേഷകർ അടുത്തിടെ ഇത്തരത്തിലുള്ള അപൂർവ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. കാട്ടിൽ സ്ഥാപിച്ച ക്യാമറയിലോ മറ്റോ ഈ ദൃശ്യങ്ങൾ പതിയുകയായിരുന്നത്രേ.
മറ്റുപാമ്പുകളെ, ചിലപ്പോൾ സ്വന്തം ഇനത്തിൽപ്പെട്ട പാമ്പുകളെപ്പോലും രാജവെമ്പാലകൾ ഭക്ഷണമാക്കുന്നു. എന്നിരുന്നാലും, ഇണചേരാൻ വേണ്ടിയുള്ള മത്സരങ്ങളിൽ പരസ്പരം ഭക്ഷിക്കാൻ ഇവ ശ്രമിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. രണ്ട് പാമ്പുകളുടെ വലിപ്പം ഏകദേശം ഒരുപോലെയാണെങ്കിൽ ഒന്ന് മറ്റൊന്നിനെ ഭക്ഷിക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ടാണ് ഇത്തരമൊരു പോരാട്ടത്തിനിടയിൽ എതിരാളിയെ ഭക്ഷണമാക്കാൻ മുതിരാത്തത്.
മനുഷ്യർ കാട് കയ്യേറുമ്പോൾ ഇത്തരം ജീവികളുടെ വാസത്തെയും കൂടിയാണ് ബാധിക്കുന്നത്. പൊതുവെ രാജവെമ്പാലകൾ മനുഷ്യരുമായി സംഘർഷം ആഗ്രഹിക്കുന്നില്ല. ആളുകൾ രാജവെമ്പാലകളെ ഭയപ്പെടുകയും പലപ്പോഴും അവയെ കണ്ടയുടൻ കൊല്ലുകയും ചെയ്യുന്നു. തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന ഘട്ടത്തിലാണ് അവ ആക്രമിക്കുന്നത്. രാജവെമ്പാലയുടെ കടിയേറ്റാൽ രക്ഷപ്പെടാൻ വളരെ സാദ്ധ്യത കുറവാണ്.
ഇണ ചേരുന്നത് കണ്ടാൽ
പാമ്പുകളെ ചുറ്റിപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങളും നിലവിലുണ്ട്. ജോതിഷ പ്രകാരം രാജവെമ്പാല, മാത്രമല്ല ഏത് പാമ്പുകൾ ഇണ ചേരുന്നത് കണ്ടാലും ദോഷമാണ്. അങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നാൽ ഏത്രയും വേഗം അവിടെനിന്ന് മാറുക. ഇണചേരലിനെ തടസപ്പെടുത്തിയാൽ അശുഭകരമായ സംഭവങ്ങൾ ഉണ്ടാകുമത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |