കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖിന്റേയും മെെനൂന ദമ്പതികളുടേയും മകൻ മുഹമ്മദ് ആഹിലാണ് ഇന്നലെ പുലർച്ചെ 12.30ന് മരിച്ചത്. പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
ആഗസ്റ്റ് നാലിനാണ് കടുത്ത പനിയോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചണ്ഡീഗഡിലെ വെെറോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണവുമുണ്ടായത്.
നിലവിൽ 10പേർ കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം ചികിത്സയിലുണ്ട്. രണ്ടു പേരുടെ ആരോഗ്യനില അതിവ ഗുരുതരമാണ്. രോഗബാധിതർക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറഞ്ഞു.
ചികിത്സ തേടി
നിരവധി പേർ
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ നിരവധിപേർ ചികിത്സ തേടുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ പറഞ്ഞു. ദിവസവും ഒരാളിലെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ഇതിൽ ‘ബ്രെയിൻ ഈറ്റിംഗ് അമീബിയ’ എന്നറിയപ്പെടുന്ന അമീബയാണ് കൂടുതൽ അപകടകാരി. ഇത് വേഗത്തിൽ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |