ക്ളബ് ഫുട്ബാൾ ട്രാൻസ്ഫർ വിൻഡോയുടെ അവസാനദിവസം വമ്പൻ കൂടുമാറ്റങ്ങൾ
ഇസാക്ക് അലക്‌സാണ്ടർ 1491 കോടിക്ക് ലിവർപൂളിൽ
ഗോളി ഡോണറുമ്മ മാഞ്ചസ്റ്റർ സിറ്റിയിൽ
സെന്നെ ലാമ്മെൻസ് യുണൈറ്റഡിൽ
എഡേഴ്‌സൻ ഫെനർബാഷെയിൽ
നിക്കോളാസ് ജാക്സൺ ബയേണിൽ
ലണ്ടൻ : യൂറോപ്യൻ ഫുട്‌ബോൾ ട്രാൻസ്‌ഫർ വിൻഡോയുടെ അവസാനദിവസം നടന്നത് വമ്പൻ കൂടുമാറ്റങ്ങൾ .ഇംഗ്ലീഷ് ക്ളബ് ഫുട്‌ബാളിലെ റെക്കാഡ് തുകയായ 1491 കോടി രൂപയ്ക്ക് സ്വീഡിഷ് സ്‌ട്രൈക്കർ ഇസാക്ക് അലക്‌സാണ്ടറെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ സ്വന്തമാക്കി . ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂഗി ഡോണറുമ്മ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് ബെൽജിയംകാരനായ ഗോളി സെന്നെ ലാമ്മെൻസിനെ ടീമിലെത്തിച്ചു.സിറ്റിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ബ്രസീലുകാരനായ എഡേഴ്‌സൻ തുർക്കി ക്ലബ് ഫെനർ ബാഷെയിലേക്ക് മാറി.ചെൽസിയുടെ സെനഗളീസ് സ്ട്രൈക്കർ നിക്കോളാസ് ജാക്സൺ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിലേക്ക് ലോൺ വ്യവസ്ഥയിൽ ചേക്കേറി.
ന്യൂകാസിൽ യുണൈറ്റഡിൽനിന്നാണ് ഇസാക്ക് ലിവർപൂളിലെത്തിയത്. 59 കോടി രൂപ പെർഫോമൻസ് ബോണസ്സായും ഇസാക്കിന് ലഭിക്കും. ആറുവർഷത്തേക്കാണ് കരാർ.ന്യൂകാസിലിനായി മൂന്ന് സീസണിൽ 109 കളിയിൽനിന്ന് 62 ഗോൾ നേടിയ ഇസാക്ക് ക്ലബ് കരിയറിൽ 283 മത്സരങ്ങളിൽ 120 ഗോൾ നേടിയിട്ടുണ്ട്.
ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞാണ് ഡോണറുമ്മ സിറ്റിയിലെത്തിയത്. കഴിഞ്ഞ സീസണിൽ പി.എസ്.ജിയുടെ കിരീടനേട്ടങ്ങളിൽ പ്രധാനപങ്കുവഹിച്ച ഗോളിയാണ് ഡോണറുമ്മ.ഇറ്റാലിയൻ ക്ലബ് എ.സി മിലാനായി 251 മത്സരവും പി.എസ്.ജിക്കായി 161 മത്സരവും കളിച്ചിട്ടുണ്ട്.
ബെൽജിയം ക്ലബ് റോയൽ ആന്റ്‌വെർപ്പിൽനിന്നാണ് 23-കാരൻ ലാമ്മെൻസിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്. നിലവിലെഗോളിമാരായ ആന്ദ്രേ ഒനാനയും ആൽറ്റെ ബെയിൻഡറും തുടർച്ചയായി നിരാശപ്പെടുത്തിയതോടെയാണ് യുണൈറ്റഡ് പുതിയഗോളിയെത്തേടിയത്. 200 കോടിയോളമാണ് ലാമ്മെൻസിനായി യുണൈറ്റഡ് ചെലവിട്ടത്. അർജന്റീനാ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെയാണ് യുണൈറ്റഡ് ലക്ഷ്യമിട്ടതെങ്കിലും ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല വിട്ടുകൊടുത്തില്ല.
1383 കോടി രൂപയ്ക്ക് ബയേർ ലേവർക്യൂസനിൽനിന്ന് ഈവർഷം ഫ്ലോറിയൻ വിറ്റ്സിനെ ലിവർപൂൾ സ്വന്തമാക്കിയതായിരുന്നു ഇതിനുമുമ്പുള്ള പ്രീമിയർ ലീഗിലെ റെക്കാഡ് ട്രാൻസ്ഫർ തുക.
4963 കോടി രൂപ ലിവർപൂൾ ട്രാൻസ്ഫർ വിപണിയിൽ ചെലവിട്ടെന്നാണ് കണക്ക്. മുൻപ് ചെൽസി മാത്രമാണ് ഒരു സീസണിൽ 4000 കോടിക്ക് മുകളിൽ മുടക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |