ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനി അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങൾ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ പൊലീസ് എത്തി പരാതിക്കാരിയെ ചെരിപ്പ് ധരിക്കാൻ പോലും സമ്മതിക്കാതെ ബലപ്രയോഗത്തിലൂടെ വീട്ടിൽ നിന്ന് വലിച്ചിഴച്ചതായി കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് നിർബന്ധിച്ച് അറസ്റ്റ് മെമ്മോയിൽ ഒപ്പിടിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.
നിയമ വിദ്യാർത്ഥിനി നൽകിയ ഇടക്കാല ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. യുവതിയുടെ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചത്തേക്ക് കോടതി മാറ്റിയിരുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 23കാരിയായ യുവതിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയിൽ സഞ്ജയ്,സച്ചിൻ, വിക്രം എന്നിവരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്താനുപയോഗിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ഫോൺ ചിന്മയാനന്ദിനെ വിളച്ചതിന് ശേഷം വലിച്ചെറിഞ്ഞെന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരമായി ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. താൻ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ചിന്മയാനന്ദിന്റെ അനുയായികൾ തോക്കുമായി വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുമായിരുന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
തന്നെ ചിന്മയാനന്ദ് ഉപദ്രവിച്ചുവെന്നും, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നിർബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും യുവതി ആരോപിക്കുന്നു. തെളിവായി 43 വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് യുവതി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദ് അദ്ധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |