ന്യൂഡൽഹി: ഇന്നലെ അന്തരിച്ച ശിവ്‌രാജ് പാട്ടീൽ 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി പദം രാജിവച്ചെങ്കിലും ലോക്‌സഭാ സ്‌പീക്കർ എന്ന നിലയിൽ നിരവധി പരിഷ‌്‌കാരങ്ങൾക്ക് തുടക്കമിട്ട മികച്ച നേതാവാണ്. എന്നാൽ മുംബയ് ഭീകരാക്രമണം രാഷ്‌ട്രീയ ജീവിതത്തിൽ കറ വീഴ്‌ത്തി. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് 2004-2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം 26/11 മുംബയ് ഭീകരാക്രമണത്തിനിടയാക്കിയ സുരക്ഷാ വീഴ്ചകളുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജിവച്ചത്. ഒപ്പം അദ്ദേഹത്തിന്റെ വസ്‌ത്രധാരണം സംബന്ധിച്ച വിവാദവും അന്നുയർന്നു.
22 പേർ കൊല്ലപ്പെട്ട ആക്രമണ പരമ്പര നടന്ന സമയത്ത് പാട്ടീൽ മൂന്ന് വ്യത്യസ്ത വസ്ത്രങ്ങളിലാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ദുരന്തത്തേക്കാൾ മന്ത്രി വസ്ത്രധാരണത്തിനാണ് ശ്രദ്ധ നൽകിയതെന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പി ആരോപിച്ചു. താൻ വൃത്തിയിൽ വിശ്വസിക്കുന്ന ആളാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. രാഷ്‌ട്രീയക്കാരന്റെ നയങ്ങളെ വിമർശിക്കാം. പക്ഷേ വസ്‌ത്രത്തെ വെറുതെ വിടണമെന്നും പറഞ്ഞു. പക്ഷേ വിമർശനം തുടർന്ന മാദ്ധ്യമങ്ങൾ അദ്ദേഹത്തെ 'സീരിയൽ ഡ്രസ്സർ" എന്നുകളിയാക്കി. മികച്ച വായനക്കാരനായിരുന്ന പാട്ടീലിന്റെ പാർലമെന്റിലെ ഇടപെടലുകൾ കൃത്യവും സൂക്ഷ്‌മവും വ്യക്തവുമായിരുന്നു. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പ്രാവീണ്യവും ഭരണഘടനാ കാര്യങ്ങളിലുള്ള അസാധാരണമായ ഗ്രാഹ്യവും അദ്ദേഹത്തെ കാലഘട്ടത്തിലെ മികച്ച പാർലമെന്റേറിയനാക്കി മാറ്റി.
നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ, സ്‌പീക്കർ പദവികളിലിരുന്ന ശേഷം ലോക്‌സഭാ സ്‌പീക്കർ ആകുന്ന ആദ്യ വ്യക്തിയുമാണ്. ഈ അനുഭവം അദ്ദേഹത്തിന് സഭയിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ സഹായകമായി. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസ്വാമിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ചർച്ച ചെയ്‌തത് ഇദ്ദേഹം സ്‌പീക്കർ ആയിരിക്കെയാണ്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്റെയും സഭാ നടപടികളുടെയും ടെലിവിഷൻ സംപ്രേക്ഷണ നടപടികൾക്ക് തുടക്കമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |