കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം.റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി.ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയിലാണ് സംഭവിച്ചിരിക്കുന്നത്.10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് അറിയുന്നു.ഞായറാഴ്ച നടന്ന ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു.8 കിലോമീറ്റർ താഴെയായിരുന്നു പ്രഭവകേന്ദ്രം. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം നടന്നിരുന്നു. അതേസമയം അഫ്ഗാൻ ഭൂചലനത്തിൽ മരണം 1400 ആയി ഉയർന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കി.ഞായറാഴ്ച്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ നംഗർഹാർ,കുനാർ പ്രവിശ്യകളിലായിൽ നാശനഷ്ടങ്ങൾ ഉണ്ടായി.കുനാറിലാണ് ഏറ്റവും കൂടുതൽ നാശം.ഭൂകമ്പത്തിന് പിന്നാലെ മണ്ണിടിച്ചിലുണ്ടായതോടെ കുനാറിലെ പ്രധാന റോഡുകളിലെ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.5,000-ലധികം വീടുകൾ തകർന്നു.ചൊവ്വാഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നത്.അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുരിതബാധിതർക്ക് വിദേശ സഹായം അഭ്യർത്ഥിച്ച് താലിബാൻ ഭരണകൂടം രംഗത്തെത്തി. 2021ൽ താലിബാൻ അധികാരമേറ്റ ശേഷം അഫ്ഗാനിലുണ്ടായ ഏറ്റവും ശക്തമായ മൂന്നാമത്തെ ഭൂകമ്പമാണിത്. 2022ൽ ഖോസ്ത്, പക്തികകളിലുണ്ടായ ഭൂകമ്പത്തിൽ 1,160 പേരും 2023ൽ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ഭൂകമ്പത്തിൽ 1,480ലേറെ പേരും കൊല്ലപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽ തീവ്രത 5ൽ കൂടിയ നാല് ഭൂചലനങ്ങൾ ഏപ്രിലിനും ആഗസ്റ്റിനുമിടെയിൽ രാജ്യത്തുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |