ഹിസോർ : തജിക്കിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യ ഫുട്ബാൾ അസോസിയേഷൻ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം.ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഖാലിദ് ജമീലിന്റെ പരിശീലനത്തിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ വിജയിച്ചത്.
മത്സരത്തിന്റെ നാലാം മിനിട്ടിൽതന്നെ അൻവർ അലി ഹെഡറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റമത്സരത്തിനിറങ്ങിയ മലയാളി താരം ഉവൈസ് ഗോൾ മുഖത്തേക്ക് നീട്ടിയെറിഞ്ഞ ഒരു ത്രോ ഇന്നിൽ നിന്നായിരുന്നു അൻവർ അലിയുടെ ഹെഡർ. 13-ാം മിനിട്ടിൽ സന്ദേശ് ജിംഗാനാണ് രണ്ടാം ഗോൾ നേടിയത്. രാഹുൽ ഭെക്കെയുടെ ഹെഡർ റീബൗണ്ട് ചെയ്‌തത് പിടിച്ചെടുത്ത് അൻവർ അലി നൽകിയ ക്രോസാണ് ജിംഗാൻ ഗോളാക്കി മാറ്റിയത്. 23-ാം മിനിട്ടിൽ ഷാറോം സമിയേവാണ് തജികിസ്ഥാന്റെ ആശ്വാസഗോൾ നേടിയത്.
തിങ്കളാഴ്ച ഇറാനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |