കൊൽക്കത്ത: ഡൽഹി - കൊൽക്കത്ത വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ അഭിഭാഷകനായ യാത്രക്കാരനെതിരെ പരാതിയുമായി ഇൻഡിഗോ. മദ്യപിച്ചെത്തിയ ഇയാൾ സഹയാത്രക്കാരോട് 'ഹര ഹര മഹാദേവ്' ചൊല്ലാൻ ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയുമായിരുന്നു. ജീവനക്കാർ ഇടപ്പെട്ട് ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും പരാതിയെ തുടർന്ന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വിമാനം കൊൽക്കത്തയിൽ ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈകമാറി. അതേസമയം, ഈ സംഭവത്തെ തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
തിങ്കളാഴ്ചയായിരുന്നു ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം ആരംഭിച്ചത്. മദ്യപിച്ച് വിമാനത്തിൽ പ്രവേശിച്ച ഇയാൾ ആദ്യം യാത്രക്കാരോടും ജീവനക്കാരോടും 'ഹര ഹര മഹാദേവ്' ചൊല്ലാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി തർകിക്കുകയും ചെയ്തു. വിമാനം പറന്നുയർന്നതിനു പിന്നാലെ ശീതളപാനീയ കുപ്പി ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും, മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും ജീവനക്കാർ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനായിരുന്നു ബഹളം വച്ചത്.
അതേസമയം, ആരോടും ഏറ്റുചൊല്ലാൻ പറഞ്ഞില്ലെന്നും ജീവനക്കാരുടെ മതമൊന്നും നോക്കാതെ അവരെ ആശിർവദിച്ചതാണെന്നും യാത്രക്കാരനും പ്രതികരിച്ചു. വ്യോമയാന ചട്ടങ്ങളുടെ ലംഘനത്തിനും യാത്രക്കാരെ ശല്യപ്പെടുത്തിയതിനും ഇയാൾക്കെതിരെ ഇൻഡിഗോ കേസ് ഫയൽ ചെയ്തു. യാത്രക്കാരൻ തിരിച്ചും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |