തിരുവനന്തപുരം: ഇത് കാടാണ്. ഇവർ കാടിന്റെ മക്കളും. നാട്ടിൽ കാണാത്ത ഓണത്തുമ്പികൾ ഇവിടെയുണ്ട്. നാട്ടുപറമ്പിൽ നിന്നു മറഞ്ഞ തുമ്പപ്പൂവും കാണാം. ഇത് പേപ്പാറയ്ക്കടുത്തുള്ള പൊടിയക്കാല ഊര്. 72 കുടുംബങ്ങളും ഊരുമൂപ്പനും ഒത്തൊരുമയോടെ കഴിയുന്ന കാട്ടുപ്രദേശം. വലിയവരുമില്ല, ചെറിയവരുമില്ല. കള്ളത്തരമില്ല, ചതിയുമില്ല. ഊരുമൂപ്പൻ ശ്രീകുമാർ കാണി എല്ലാത്തിനു സാക്ഷിയായുണ്ടാവും.
ഏഴുദിവസമാണ് ഇവിടത്തെ ഓണം. ഒരുമിച്ചുള്ള ഒത്തോണമാണ് ആഘോഷം. അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളുമായി എല്ലാവരും ഒരുമിച്ചുകൂടും.
പ്രായത്തിൽ മൂത്തയാളാണ് ഓണാഘോഷ ദിവസങ്ങളിലെ അധികാരി. 'മൂട്ടുകാണി' എന്നാണ് അദ്ദേഹത്തെ പറയുക. പാട്ടും നൃത്തവുമായി കുട്ടികളും ചെറുപ്പക്കാരും പ്രായം ചെന്നവരുമൊക്കെ ഒത്തുകൂടും. ഒരു മാവേലിക്കാലത്തിന്റെ ഒത്തുചേരൽ. ആദ്യദിവസം രാവിലെ രണ്ടു സ്ത്രീകൾ എല്ലാ വീടുകളിലും എത്തി തടിയിടിച്ച് പാട്ടു പാടും 'നെല്ലു കുത്തെടീ...' എന്നു തുടങ്ങുന്ന പാട്ട്. ഓണത്തിനൊരുങ്ങാം എന്ന സന്ദേശമാണ് ആ പാട്ടിൽ. ഓടവള്ളി എന്ന കാട്ടുവള്ളികൊണ്ടാണ് ഇവിടെ ഊഞ്ഞാൽ കെട്ടിയിരുന്നത്. അത് പ്ലാസ്റ്റിക് കയറായി. എങ്കിലും ഓണാഘോഷത്തിന്റെ കൂട്ടായ്മ മറന്നിട്ടില്ല.
കാട്ടുപൂക്കളാൽ അത്തം
മലദൈവങ്ങൾക്കു മുന്നിൽ കുട്ടികൾ വട്ടം കൂടിയിരുന്നു പൂക്കളം തീർക്കുന്ന ചടങ്ങ് ഇപ്പോഴും തുടരുന്നു. അരയമുത്തൻ കാവിനു സമീപത്തെ ചെറുമരത്തിൽ മഞ്ഞപ്പൂക്കൾ കുലകുലയായി ഇപ്പോഴുമുണ്ട്. അമ്പാടി അതിന്റെ മുകളിലേക്ക് വലിഞ്ഞുകയറി. പൂക്കളുമായി ചാടിയിറങ്ങുമ്പോൾ ശ്രീലഷ്മി, നിവേദ്, സായിമാധവ്,അഭിനവ്, ഗവ്യ, ശ്രീകുട്ടി... എല്ലാവരും വട്ടംകൂടി. എല്ലാവരുടെയും കൈയിൽ കാട്ടുപൂക്കൾ. അതുപയോഗിച്ച് പൂക്കളം ഒരുക്കുകയാണ് കുട്ടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |