തിരുവനന്തപുരം: വഴിക്കണ്ണുമായി കാത്തിട്ടും വരാനാരുമില്ലെന്നറിഞ്ഞാൽ ജീവിതം സ്വന്തം വഴിതേടും. കരുതാൻ മക്കളും ബന്ധുക്കളുമില്ലെങ്കിൽ പിന്നെ കരുതലൊരുക്കുന്നവരൊക്കെ മക്കളും ബന്ധുക്കളുമാണ്. ഈ തിരിച്ചറിവാണ് വഞ്ചി പുവർഫണ്ടിലെ അമ്മമാരുടെ ഓണത്തിന്റെ തിളക്കം. വീടിന്റെ തണൽ അന്യമായ പതിനഞ്ച് അമ്മമാരാണ് ഇവിടെയുള്ളത്. എല്ലാ ഓണത്തിനും അവർ അത്തപ്പൂക്കളമിടുന്നു, തങ്ങളെ തേടിവരുന്ന കുട്ടികളോടൊത്ത് ഓണപ്പാട്ട് പാടുന്നു, അവർക്കൊപ്പം ഓണസദ്യയുണ്ണുന്നു.
അത്തം തുടങ്ങി പത്ത് ദിവസവും മുറ്റത്തെ തുളസിത്തറയ്ക്കരികിൽ അമ്മമാരൊരുക്കുന്ന പൂക്കളമുണ്ട്. തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളായ അമ്മമാരിൽ മൂന്ന് പേർ ഓർമ്മത്തകരാറുള്ളവരും ഒരാൾ കിടപ്പുരോഗിയുമാണ്. ബാക്കി പന്ത്രണ്ട് പേരും ചേർന്നാണ് ഓണത്തയ്യാറെടുപ്പുകൾ നടത്തുന്നത്. പുലർച്ചെ നിലവിളക്ക് കൊളുത്തി നാമം ജപിച്ചുകഴിഞ്ഞാൽ പൂക്കളമിടാനുള്ള തിരക്കാണ്. രണ്ട് പരിചാരകർ ഉൾപ്പെടെ ആറ് പേരാണ് അമ്മമാരെ സംരക്ഷിക്കുന്നത്.
ഓണനാളുകളിൽ അമ്മമാർക്ക് ഓണക്കോടിയുമായെത്തുന്ന സംഘടനകളും കുടുംബങ്ങളും അമ്മമാരോടൊപ്പം ഓണസദ്യയുണ്ട്, വിശേഷങ്ങളും പങ്കുവച്ച് ഏറെനേരം ചെലവഴിച്ചാണ് മടങ്ങുന്നതെന്ന് മാനേജർ രതികാ രമേഷ് പറഞ്ഞു. ഉത്രാടം മുതൽ ചതയം വരെ അമ്മമാർക്കിവിടെ ഓണസദ്യയുണ്ട്. തിരുവോണ ദിനത്തിലെ സദ്യവഞ്ചി പുവർഫണ്ടിന്റെ വകയാണ്. ബാക്കി ദിവസങ്ങളിലെ സദ്യ സന്നദ്ധസംഘടനകളും വ്യക്തികളും നൽകുന്നു.
1941ൽ തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ മുൻകൈയെടുത്താണ് വഞ്ചി പുവർഫണ്ട് സ്ഥാപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനാണ് സ്ഥാപനം ആരംഭിച്ചത്. സർ സിപിയായിരുന്നു ആദ്യപ്രസിഡന്റ്, പട്ടം താണുപ്പിള്ള, ആർ.ശങ്കർ എന്നിവർ പ്രസിഡന്റുമാരും. സ്ഥാപനം എട്ട് വർഷം മുൻപാണ് ആരുമില്ലാത്ത വയോജനങ്ങളെ സംരക്ഷിക്കുന്ന ഇടമായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |