വാഷിംഗ്ടൺ: ഇന്ത്യൻ - അമേരിക്കൻ വംശജൻ അമിത് ക്ഷത്രിയയെ യു.എസ് സ്പേസ് ഏജൻസിയായ നാസയിലെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു. നാസയുടെ ആക്ടിംഗ് മേധാവി ഷോൺ ഡഫിയുടേതാണ് പ്രഖ്യാപനം. ഏജൻസിയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനായും ഡഫിയുടെ മുതിർന്ന ഉപദേഷ്ടാവായും അമിത് പ്രവർത്തിക്കും.
നാസയുടെ സെന്റർ ഡയറക്ടർമാരെയും വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർമാരെയും നയിക്കേണ്ടത് അമിതാണ്. നാസയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ (സി.ഒ.ഒ) ചുമതലയും ഇദ്ദേഹത്തിനാണ്. ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ് അമിതിന്റെ മാതാപിതാക്കൾ.
വിസ്‌കോൺസിനിൽ ജനിച്ച അമിത് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി,യൂണിവേഴ്സിറ്റി ഒഫ് ടെക്സസ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. സോഫ്റ്റ്‌വെയർ,റോബോട്ടിക്സ് എൻജിനിയറാണ്. 2003 മുതൽ നാസയുടെ ഭാഗമായി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് മിഷന്റെ ആസൂത്രണങ്ങളിലും അമിത് പങ്കാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |