തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. 14 കോച്ചുകളായിരുന്നത് നാല് കോച്ചുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് 18 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം - മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.
രാവിലെ 6.25ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 3.05ന് ആണ് തിരുവനന്തപുരത്ത് എത്തുന്നത്. മടക്കയാത്രയില്‍ വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രം 12.40ന് മംഗളൂരുവില്‍ എത്തിച്ചേരും. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍ത്തുക. 8.40 മണിക്കൂറുകളിലാണ് 619 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടുന്നത്.
നേരത്തെ കേരളത്തിന് ആദ്യം അനുവദിച്ച തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. 16 കോച്ചുകളുമായി സര്‍വീസ് ആരംഭിച്ച ഈ ട്രെയിന്‍ പിന്നീട് 20 കോച്ചുകളാക്കി ഉയര്‍ത്തിയിരുന്നു. ആദ്യം അനുവദിച്ച ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റ് ആയതോടെയാണ് രണ്ടാമത് ഒരു ട്രെയിന്‍ കൂടി കേരളത്തിന് റെയില്‍വേ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും ഒക്കുപ്പന്‍സി റേറ്റില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞ വര്‍ഷം എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇത് സ്ഥിരം സര്‍വീസ് ആക്കി മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പക്ഷേ റെയില്‍വേ അംഗീകരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |